മലയാള സിനിമയിൽ ബാലതാരമായി തന്നെ അരങ്ങേറ്റം കുറിച്ച് മലയാളികളുടെ മനം കവർന്ന താരമാണ് വിനീത് കുമാർ. ബാലതാരമായി അഭിനയിച്ചതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു ‘ഒരു വടക്കൻ വീരഗാഥ’. മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരവും ഈ സിനിമയിലൂടെ വിനീത് സ്വന്തമാക്കി. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ചന്തു ചേകവർ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം വിനീത് ആയിരുന്നു ചെയ്തത്. ഉണ്ണിയാർച്ചയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് നടി ജോമോളും. സിനിമയിൽ ചന്തുവിന്റെയും ഉണ്ണിയാർച്ചയുടെയും ബാല വിവാഹം നടക്കുന്ന ഒരു രംഗമുണ്ട്. ഇതിൽ അഭിനയിക്കാൻ വിനീത് അന്ന് മടി കാണിച്ചിരുന്നു. ആ രസകരമായ സംഭവം ഓർത്തെടുക്കുകയാണ് താരം.
“കുട്ടിക്കാലത്ത് ചില തോന്നലുകളൊക്കെ ഉണ്ടാവാറില്ല. ജോമോളെ താലികെട്ടിയപ്പോൾ ഞാൻ പേടിച്ചു. ഈ കുട്ടി തന്നെയായിരിക്കുമോ എന്റെ ഭാവിയിലെ ഭാര്യ എന്നായിരുന്നു ചിന്ത. ഞാൻ പേടിച്ചു. കാരണം അന്നൊക്കെ നമ്മൾ വിശ്വസിക്കുന്നത്, താലി കെട്ടിക്കഴിഞ്ഞാൽ ഭാര്യയാകും എന്നായിരുന്നു. താലി കെട്ടിക്കഴിഞ്ഞാൽ ആ പെൺകുട്ടി നമ്മുടെ കൂടെ വരും എന്നൊക്കെയായിരുന്നു അന്നത്തെ ചിന്ത. കുഞ്ഞു മനസ് ആയിരുന്നല്ലോ. അതുകൊണ്ട് കുറച്ച് ടെൻഷൻ ഉണ്ടായിരുന്നു”.
“ജോമോൾ വടക്കൻ വീരഗാഥയുടെ സെറ്റിൽ വളരെ ഊർജ്ജസ്വലയായി നടക്കുന്ന കുട്ടിയായിരുന്നു. അവൾ സിബിഎസ്ഇ സ്കൂളിലാണ് പഠിക്കുന്നത്. ഞങ്ങളൊക്കെ ഗവൺമെന്റ് സ്കൂളിലും. അതുകൊണ്ടൊക്കെ ജോമോളെ എനിക്ക് പേടിയായിരുന്നു. ജോമോളെ എങ്ങാനും കല്യാണം കഴിച്ചു പോയാൽ എന്റെ ജീവിതം തീരൂലോ എന്ന പേടിയായിരുന്നു. പിന്നീട് ഇക്കാര്യം ഞാൻ ജോമോളോട് പറഞ്ഞിട്ടുണ്ട്. ഇന്ന് എന്റെ നല്ല സുഹൃത്താണ്”-വിനീത് പറഞ്ഞു.















