കോഴിക്കോട്: കേരളത്തിന്റെ അഭിമാന പദ്ധതികൾ പലതിനും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ തുക ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കണക്കുകൾ പരിശോധിച്ചാൽ ആർക്കും ബോധ്യപ്പെടും. കേരളം അവഗണിക്കപ്പെട്ടുവെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? സംസ്ഥാനത്തിന്റെ പേര് പരാമർശിക്കാത്തതാണോ കാരണം. എന്തുമാത്രം ബാലിശമായ ആരോപണമാണിതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചോദിച്ചു.
14 ജില്ലകളുടെയും പേരെടുത്ത് പറഞ്ഞിട്ടാണോ ധനമന്ത്രി ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കാറുള്ളത്. എല്ലാ ജില്ലകളുടേയും പേരെടുത്ത് പറഞ്ഞ് പ്രഖ്യാപിക്കാൻ അക്ഷരശ്ലോകമാണോ ബജറ്റ് അവതരണം? ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടേയും പേരെടുത്ത് പറഞ്ഞ് ബജറ്റ് അവതരിപ്പിക്കാൻ ഇത് അന്താക്ഷരിയാണോ? ഇക്കാര്യം ചോദിക്കാനുള്ളത് യുഡിഎഫ് നേതാക്കളോടാണ്. ഇത്രയും മണ്ടൻമാരായ യുഡിഎഫ് നേതൃത്വം കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല.
എൽഡിഎഫിന്റെ ഏക അത്താണിയും അവസാനത്തെ തുറുപ്പ് ചീട്ടുമാണ് ‘കേന്ദ്ര അവഗണന’ എന്ന വിഷയം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റമ്പിയതിന് ശേഷം തിരിച്ചുവരാൻ പിണറായി വിജയനും സംഘവും നടത്തുന്ന തുറുപ്പ് ചീട്ട്. അതിന് വളം വച്ച് കൊടുക്കുന്ന പ്രതിപക്ഷ നേതാവ് മാത്രമാണ് വി.ഡി സതീശൻ. കേരളത്തിലെ പ്രശ്നങ്ങൾക്ക് കാരണം കേന്ദ്രമാണെന്ന സംസ്ഥാന സർക്കാരിന്റെ നറേറ്റീവ് കൂട്ടുപിടിക്കുകയാണ് ഇവിടുത്തെ പ്രതിപക്ഷം. വിഡി സതീശന്റെ തലയിൽ കളിമണ്ണ് ആണോയെന്നും സുരേന്ദ്രൻ പരിഹസിച്ചു.
ലോക്സഭാ സീറ്റുകളിൽ യുഡിഎഫ് ജയിക്കുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ അവർ പരാജയപ്പെടുന്നതും എൽഡിഎഫ് ജയിക്കുന്നതും എന്തുകൊണ്ടാണ്? ഉണ്ണാക്കൻ പ്രതിപക്ഷ നേതാവാണ് കാരണം. എൽഡിഎഫിന്റെ വാദങ്ങൾ യുഡിഎഫ് ആവർത്തിക്കുന്നതാണ് കാരണമെന്നും സുരേന്ദ്രൻ പറഞ്ഞു.