കോഴിക്കോട്: സമീപകാല ചരിത്രത്തിലൊന്നും കിട്ടാത്ത അത്രയും ബജറ്റ് വിഹിതമാണ് ഇത്തവണ കേരളത്തിന് കിട്ടിയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. യുപിഎ സർക്കാരിന്റെ പത്തുവർഷക്കാലത്തെയും എൻഡിഎ സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷക്കാലത്തെയും ബജറ്റ് കണക്കുകൾ നോക്കിയാൽ ഇക്കാര്യങ്ങൾ വ്യക്തമാകും. യുപിഎ കാലത്ത് കേരളം നേരിട്ടത് തികഞ്ഞ അവഗണന മാത്രമായിരുന്നുവെന്നും സുരേന്ദ്രൻ ഓർമിപ്പിച്ചു.
കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട് എൽഡിഎഫും യുഡിഎഫും വ്യാജ പ്രചാരണമാണ് നടത്തുന്നത്. മുഖ്യമന്ത്രിയും ധനമന്ത്രിയും, പ്രതിപക്ഷ നേതാവും നുണകൾ പറയുന്നു. 18 എംപിമാരും കള്ളമാണ് ആവർത്തിക്കുന്നത്. എന്നാൽ കണക്കുകൾ കള്ളം പറയില്ല. കഴിഞ്ഞ ബജറ്റിനേക്കാൾ കൂടുതൽ വിഹിതം കേരളത്തിന് ഇത്തവണ ലഭിച്ചിട്ടുണ്ട്. നികുതി ഇനത്തിൽ മാത്രം 3,200 കോടിയോളം തുക കേരളത്തിന് അധികമായി അനുവദിച്ചു. കഴിഞ്ഞ വർഷം 21,000 കോടിയാണ് കിട്ടിയതെങ്കിൽ ഇത്തവണ 24,300 കോടിയാണ് ലഭിച്ചിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
പദ്ധതി വിഹിതത്തിലും കേരളത്തിന് കൂടുതൽ തുക നൽകി. റെയിൽവേ വികസനത്തിന് യുപിഎ കാലത്ത് 300-400 കോടിയാണ് ലഭിച്ചിരുന്നത്. ഈ വർഷം കേരളത്തിന് ലഭിച്ചിരിക്കുന്നത്. 3,100 കോടിയാണ്. കേരളത്തിന്റെ റെയിൽവേ വികസനത്തിന് ഇത്രയും തുക ഇതുവരെ കിട്ടിയിട്ടില്ല. കണക്കുകൾ പരിശോധിക്കാം. എല്ലാ പ്രധാനപ്പെട്ട പദ്ധതികൾക്കും കൂടുതൽ പണം അനുവദിച്ചിട്ടുണ്ട്. എന്നിട്ടും കേരളത്തെ അവഗണിച്ചുവെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് സുരേന്ദ്രൻ ചോദിച്ചു