ന്യൂഡൽഹി: റാഗിംഗ് നടത്തുന്ന വിദ്യാർത്ഥികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഡൽഹി സർവ്വകലാശാല. റാഗിംഗ് നടത്തിയാൽ സസ്പെൻഷൻ, കോളേജിൽ നിന്ന് പുറത്താക്കൽ, ബിരുദം റദ്ദാക്കൽ, പരീക്ഷകളിൽ നിന്ന് ഡീബാർ ചെയ്യൽ എന്നിങ്ങനെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് ഡൽഹി സർവ്വകലാശാല അറിയിച്ചു. സമാധാനപരമായ ക്യാമ്പസ് അന്തരീക്ഷം ഉറപ്പാക്കുന്നതിനും റാഗിംഗ് നിർത്തലാക്കുന്നതിനും വേണ്ടി നടന്ന സർവ്വകലാശാല പ്രോക്‌ടോറിയൽ ബോർഡ് യോഗത്തിലായിരുന്നു തീരുമാനം.
യോഗത്തിന് പിന്നാലെ രണ്ട് പേജുള്ള വിജ്ഞാപനവും പുറത്തിറക്കി. ഇതനുസരിച്ച് റാഗിംഗ് ചെയ്യുന്ന വിദ്യാർത്ഥികൾക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കണമെന്ന് എല്ലാ കോളേജ് അധികൃതരോടും സർവ്വകലാശാല നിർദേശിച്ചു. കോളേജിലേക്ക് പ്രവേശിക്കുന്ന സമയത്ത് എല്ലാ വിദ്യാർത്ഥികളും രക്ഷിതാക്കളും റാഗിംഗ് ചെയ്യില്ലെന്ന് ഉറപ്പ് നൽകികൊണ്ട് കരാറിൽ ഒപ്പിടണമെന്നും സർവ്വകലാശാല അറിയിച്ചു.
ഓഗസ്റ്റ് 12-ന് റാഗിംഗ് വിരുദ്ധ ദിനം ആചരിക്കുമെന്നും 12 മുതൽ 18 വരെ റാഗിംഗ് വിരുദ്ധ വാരമായി ആചരിക്കുമെന്നും സർവ്വകലാശാല പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു. റാഗിംഗിനെ കുറിച്ച് എല്ലാ വിദ്യാർത്ഥികളിലും വ്യക്തമായ അവബോധം സൃഷ്ടിക്കാൻ അതത് കോളേജ് അധികൃതർ മുന്നിട്ടിറങ്ങണമെന്നും നിർദേശമുണ്ട്.
റാഗിംഗിനെതിരെ കൃത്യ സമയത്ത് നടപടി സ്വീകരിക്കാൻ സർവ്വകലാശാല നോർത്ത്, സൗത്ത് കാമ്പസുകളിൽ രണ്ട് കൺട്രോൾ റൂമുകൾ തുറക്കും. ഓഗസ്റ്റ് ഒന്ന് മുതൽ 10 വരെയായിരിക്കും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുക.















