1969-ൽ പുറത്തിറങ്ങിയ ‘ഓൺ ഹെർ മജസ്റ്റിസ് സീക്രട്ട് സർവീസ്’ എന്ന ചിത്രത്തിൽ ജെയിംസ് ബോണ്ടായി തിളങ്ങിയ നടൻ ജോർജ് ലസെൻബി അഭിനയം മതിയാക്കി. പതിറ്റാണ്ടുകൾ നീണ്ട അഭിനയ സപര്യയ്‌ക്കാണ് താരം വിരാമമിട്ടത്. എക്സിലൂടെയാണ് ലസെൻബി ഇക്കാര്യം അറിയിച്ചത്.
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്നും തന്നെ സ്നേഹിച്ചതിനും പിന്തുണച്ചതിനും എല്ലാവർക്കും നന്ദി പറഞ്ഞുമാണ് താരം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
‘ഇത് എളുപ്പത്തിൽ എടുക്കാനാകുന്ന തീരുമാനമല്ല. എന്നാൽ എന്റെ ജോലി അവസാനിപ്പിക്കാനുള്ള സമയമാണിതെന്ന് തോന്നുകയാണ്. അതുകൊണ്ട് തന്നെ ഞാൻ ഇനി അഭിനയിക്കുകയോ പൊതുപരിപാടികളിൽ പങ്കെടുക്കുകയോ ചെയ്യില്ല. അഭിമുഖങ്ങൾ നടത്താനോ ഓട്ടോഗ്രാഫുകളിൽ ഒപ്പിടാനോ പോലും എനിക്ക് ഇനി താത്പര്യമില്ല.
ഇത്രയും വർഷം നിങ്ങളുടെ സ്നേഹം എനിക്ക് ലഭിച്ചു. അതിൽ വളരെയധികം ഞാൻ കടപ്പെട്ടിരിക്കുന്നു. പ്രേക്ഷകരുടെ സ്നേഹത്തിനും പിന്തുണയ്‌ക്കും നന്ദി. എന്റെ എല്ലാ കാര്യങ്ങളിലും താങ്ങായി നിന്ന മാനേജരോടും സുഹൃത്തുക്കളോടും നന്ദി മാത്രമാണ് എനിക്ക് പറയാനുള്ളത്.
എന്റെ കുടുംബത്തിനൊപ്പം നിൽക്കേണ്ട സമയമാണിത്. അവരോടൊപ്പം എനിക്ക് സമയം ചെലവഴിക്കണം. സ്‌നേഹത്തിനും പിന്തുണയ്‌ക്കും എല്ലാവരോടും എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നുവെന്ന് ലസെൻബി എക്സിൽ കുറിച്ചു.















