വാഷിംഗ്ടൺ: ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസിന് പിന്തുണ പ്രഖ്യാപിച്ച് മുൻ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയും പത്നി മിഷേൽ ഒബാമയും. എക്സിലൂടെയാണ് ഒബാമ ഇക്കാര്യം അറിയിച്ചത്. അമേരിക്കയുടെ മികച്ച പ്രസിഡന്റാകാൻ കമലാ ഹാരിസിന് കഴിയുമെന്ന് വിശ്വസിക്കുന്നുവെന്ന് ബരാക് ഒബാമ എക്സിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയും സുഹൃത്തുമായ കമലാ ഹാരിസിന് പൂർണ പിന്തുണയുണ്ടാകും. കമലാ ഹാരിസിന്റെ വിജയം ഉറപ്പാക്കാൻ ഞങ്ങളാൽ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യും. ജനങ്ങൾ ഞങ്ങളോടൊപ്പം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും ബരാക് ഒബാമ എക്സിൽ പറഞ്ഞു.
യുഎസ് പ്രസിഡന്റാകാൻ കമലാ ഹാരിസിന് ഈ തെരഞ്ഞെടുപ്പിലൂടെ സാധിക്കുമെന്നും ഇതുവരെ കണ്ടിട്ടില്ലാത്ത തെരഞ്ഞെടുപ്പ് പ്രചാരണങ്ങളാണ് നടക്കാൻ പോകുന്നതെന്നും ബരാക് ഒബാമ പറഞ്ഞു. കമലയെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് മിഷേൽ ഒബാമയും എക്സിൽ കുറിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ ബരാക് ഒബാമയ്ക്കും ഭാര്യയ്ക്കും നന്ദി അറിയിക്കുന്ന കമലാ ഹാരിസിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന ജോ ബൈഡൻ പിൻമാറിയതിനെ തുടർന്നാണ് കമല ഹാരിസിന് സാദ്ധ്യത തെളിഞ്ഞത്. നിലവിൽ ഓരോ ദിവസം കഴിയുന്തോറും കമലയ്ക്ക് പിന്തുണ കൂടി വരികയാണ്. നിലവിൽ യുഎസ് വൈസ് പ്രസിഡന്റാണ് കമല ഹാരിസ്.