പാരീസ്: ഫ്രാൻസിന്റെയും സ്വിറ്റ്സർലൻഡിന്റേയും അതിർത്തി മേഖലയിൽ സ്ഥിതിചെയ്യുന്ന ബേസൽ-മുൽഹൗസ് യൂറോ എയർപോർട്ടിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഫ്രാൻസിലെ റെയിൽവേ ശൃംഖലകൾ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ നടന്നതിന്റെ പശ്ചാത്തലത്തിലാണ് നീക്കം.
ബേസലിന് അടുത്ത് സ്വിറ്റ്സർലാൻഡ് അതിർത്തിയിലാണ് ഫ്രാൻസിലെ യൂറോ എയർപോർട്ട് സ്ഥിതിചെയ്യുന്നത്. 2023ൽ എട്ട് ദശലക്ഷം യാത്രക്കാരെ വഹിച്ച എയർപോർട്ടാണിത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് ടെർമിനൽ ഒഴിപ്പിച്ച് വിമാനത്താവളം അടച്ചുപൂട്ടുന്നതെന്ന് അധികൃതർ അറിയിച്ചു. തുടർനടപടികൾ വെബ്സൈറ്റിലൂടെ അറിയിക്കുമെന്നാണ് വിമാനത്താവള അധികൃതർ നൽകുന്ന നിർദേശം.
ഫ്രാൻസിലെ നിരവധി റെയിൽവേ ലൈനുകളാണ് ആക്രമണത്തെ തുടർന്ന് തകർക്കപ്പെട്ടത്. ഇതോടെ പല സുപ്രധാന സർവീസുകളും നിലച്ചു. നിരവധി യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്തു. പാരീസ് ഒളിമ്പിക്സിന്റെ ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയായിരുന്നു ആക്രമണം. ഫ്രാൻസിലെ റെയിൽവേ ശൃംഖലകളുടെ പ്രവർത്തനം പൂർണമായും അവതാളത്തിലായിരിക്കുകയാണ്. പാരീസിലേക്കുള്ള മൂന്ന് പ്രധാന റൂട്ടുകളിലെ ലൈനുകളാണ് ആക്രമിക്കപ്പെട്ടത്.
ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങ് യാതൊരു വിധത്തിലും മുടങ്ങില്ലെന്നും നിലവിൽ നടന്ന സംഭവവികാസങ്ങൾ ചടങ്ങിനെ ബാധിച്ചിട്ടില്ലെന്നും പാരീസ് മേയർ പ്രതികരിച്ചു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഇതുവരെയും പിടികൂടാനായിട്ടില്ല.