തമിഴകത്തെ തല അജിതും പ്രമുഖ സംവിധായകൻ പ്രശാന്ത് നീലും ഒരുമിക്കുന്നുവെന്ന തരത്തിൽ അടുത്തിടെ നിരവധി വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രശാന്ത് നീലിനെ കണ്ടുമുട്ടിയതിന്റെ ചിത്രങ്ങൾ അജിത് പങ്കുവച്ചതിന് പിന്നാലെയാണ് ഇത്തരം പ്രചരണങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞത്. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അജിതിന്റെ പേഴ്സണൽ മാനേജർ.
അജിതും പ്രശാന്ത് നീലും കണ്ടുമുട്ടി എന്നത് സത്യമാണെന്നും എന്നാൽ സിനിമയെ കുറിച്ചോ മറ്റ് പ്രോജക്ടുകളെ കുറിച്ചോ ചർച്ച ചെയ്തില്ലെന്നും അജിതിന്റെ മാനേജർ സുരേഷ് ചന്ദ്ര വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. ഇരുവരും ഒന്നിച്ചുള്ള സിനിമ അടുത്തിടെയൊന്നും ഉണ്ടാകില്ലെന്നും അത് വെറുമൊരു സൗഹൃദ സംഭാഷണം മാത്രമായിരുന്നുവെന്നും മാനേജർ പറഞ്ഞു. ഇരുവരും ഒന്നിച്ച് രണ്ട് സിനിമകൾ ചെയ്യുന്നു, ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നായിരുന്നു പ്രചരണം.
അജിത്തിനെ പ്രധാന കഥാപാത്രമാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാ മുയാർച്ചി’യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ദീപാവലിയോടനുബന്ധിച്ചാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇതിന് ശേഷം ആദിക് രവിചന്ദൻ നിർമിക്കുന്ന ‘ഗുഡ് ബാഡ് അഗ്ലി’എന്ന ചിത്രത്തിലായിരിക്കും അജിത് അഭിനയിക്കുക.















