മുംബൈ: മഹാരാഷ്‌ട്രയിലെ മഴക്കെടുതിയിൽ ദുരിതാശ്വാസ നടപടികളുടെ മേൽനോട്ട ചുമതല മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപ മുഖ്യമന്ത്രി അജിത് പവാറും നിർവ്വഹിക്കും. മുഖ്യമന്ത്രി ഇന്നും മഴക്കെടുതികളും ദുരിതാശ്വാസ നടപടികളും വിലയിരുത്തിയിരുന്നു. പൂനെ നഗരത്തിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലുണ്ടായ കെടുതികളാണ് മുഖ്യമന്ത്രി വിലയിരുത്തിയത്.
വെളളം കയറി ചെളി നിറഞ്ഞ പ്രദേശങ്ങൾ എത്രയും വേഗം വൃത്തിയാക്കാനുളള നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. പ്രദേശത്തെ വീടുകൾക്കും കൃഷിയിടങ്ങൾക്കും നേരിട്ട നാശനഷ്ടം വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സിൻഹഗഡ് റോഡ്, പാട്ടീൽ എസ്റ്റേറ്റ്, ഏക്താ നഗർ, സഞ്ജയനി പാലം തുടങ്ങി നിരവധി സ്ഥലങ്ങളിൽ വെളളവും ചെളിയും അടിഞ്ഞിരുന്നു.
എല്ലാ സംവിധാനങ്ങളും ഒരു ടീമായി പ്രവർത്തിക്കാൻ നിർദ്ദേശിച്ചതായും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ആളുകൾക്ക് ഭക്ഷണപ്പൊതികളും മരുന്നും കുടിവെള്ളവും നൽകാനും നിർദ്ദേശിച്ചതായും ഷിൻഡെ മാദ്ധ്യമങ്ങളെ അറിയിച്ചു. പൂനെ, റായ്ഗഡ്, മുംബൈ, മുനിസിപ്പൽ കോർപ്പറേഷനുകളുമായും കളക്ടറുമായും ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീമുകൾ, കരസേന, നാവികസേന, പൊലീസ്, അഗ്‌നിശമന സേന, ആരോഗ്യ വകുപ്പ് എന്നിവ തമ്മിലുള്ള പരസ്പര ഏകോപനം നിലനിർത്താനും ഷിൻഡെ നിർദേശിച്ചു.















