വിയന്റിയൻ : ലാവോസിലെ വിയന്റിയനിൽ നടക്കുന്ന ആസിയാൻ ഇന്ത്യ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനിടെ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി സൗഹൃദം പുതുക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇരുവരും ചിരിച്ചുകൊണ്ട് ഹസ്തദാനം ചെയ്യുന്നതിന്റെ ചിത്രങ്ങൾ ഇന്ത്യയിലെ റഷ്യൻ എംബസി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവച്ചു.
ജൂലൈ 3 ന് അസ്താനയിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) യോഗത്തിനിടെയും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യയിലെ യുദ്ധമേഖലയിലുള്ള ഇന്ത്യൻ പൗരന്മാരെക്കുറിച്ച് അന്ന് ജയശങ്കർ ആശങ്കയറിയിച്ചിരുന്നു. കൂടാതെ ഉഭയകക്ഷി പങ്കാളിത്തത്തെക്കുറിച്ചും സമകാലിക പ്രശ്നങ്ങളെക്കുറിച്ചും വിപുലമായ സംഭാഷണം അവർ നടത്തിയിരുന്നു.
ആസിയാൻ യോഗത്തിന്റെ ഭാഗമായി ജൂലൈ 28 വരെ് ജയശങ്കർ വിയന്റിയനിൽ ഉണ്ടാകും. പ്രതിരോധം, ഡിജിറ്റൽ, ആരോഗ്യം, സുരക്ഷ, സാംസ്‌കാരിക പാരമ്പര്യം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യ- ആസിയാൻ സഹകരണത്തിന് ഊന്നൽ നൽകിയാണ് ചർച്ചകൾ നടക്കുന്നത്. ഇൻഡോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ പ്രതിനിധികളുമായി ജയ്ശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്‌ട്രീയ, സാമ്പത്തിക, സുരക്ഷാ സഹകരണമാണ് ആസിയാനിൽ ഏറ്റവും പ്രധാനമെന്ന് ജയ്ശങ്കർ രാവിലത്തെ യോഗത്തിൽ വ്യക്തമാക്കിയിരുന്നു.