തിരുവനന്തപുരം: ശ്രീകോവിലിൽ പൂജ നടത്തിക്കൊണ്ടിരുന്ന പൂജാരിയെ ക്ഷേത്രത്തിൽ കയറി ബലമായി കസ്റ്റഡിയിലെടുത്ത് പൊലീസ്. തിരുവനന്തപുരം ആറ്റുകാൽ കുര്യാത്തി അമ്മൻകോവിൽ പൂജാരി അരുൺ പോറ്റിയെ ആണ് പൊലീസ് ബലമായി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയത്. വെളളിയാഴ്ച വൈകിട്ട് 5.45 ഓടെയായിരുന്നു സംഭവം.
ക്ഷേത്ര ഭാരവാഹികളിൽ നിന്നുൾപ്പെടെ പ്രതിഷേധമുയർന്നതോടെ രാത്രി എട്ട് മണിയോടെ പൊലീസ് പറഞ്ഞുവിടുകയായിരുന്നു. അരുൺ പോറ്റി നാല് മാസങ്ങൾക്ക് മുൻപ് പൂജാരിയായിരുന്ന പൂന്തുറ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം കാണാതായ സംഭവത്തിലായിരുന്നു പൊലീസിന്റെ അതിരുവിട്ട നടപടി. വിഗ്രഹം കാണാതായതുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് അരുൺ പോറ്റി പറയുന്നു.
പൂന്തുറ ക്ഷേത്രത്തിലെ സെക്രട്ടറിയുമായി പിണങ്ങിയാണ് ജോലിയിൽ നിന്നും ഇറങ്ങിയത്. അങ്ങനെ ഇറങ്ങിയ എല്ലാവരുടെയും പേരുകളും വിഗ്രഹം കാണാതായതുമായി ബന്ധപ്പെട്ട് അവർ പറഞ്ഞിരുന്നു. ആ കൂട്ടത്തിലാണ് തന്റെ പേരും പറഞ്ഞത്. നേരത്തെ ഇക്കാര്യത്തിൽ പൊലീസ് വിളിക്കുകയും ശനിയാഴ്ച സ്റ്റേഷനിലെത്താമെന്ന് താൻ പറയുകയും ചെയ്തതാണ്. ഇതിനിടയിലാണ് വെളളിയാഴ്ച വൈകിട്ട് ക്ഷേത്രത്തിൽ കയറി പൊലീസ് തന്നെ ബലമായി കൂട്ടിക്കൊണ്ടു പോയതെന്നും അരുൺ പോറ്റി പറയുന്നു.
വൈകിട്ട് അഞ്ച് മണിയോടെ താൻ പതിവായി അമ്പലത്തിലെത്തും. ദീപാരാധനയ്‌ക്കുളള ഒരുക്കങ്ങളുമായി ശ്രീകോവിലികത്ത് നിൽക്കുമ്പോഴാണ് പൊലീസ് വന്നത്. അരുൺ പോറ്റിയല്ലേ എന്ന് ചോദിച്ചു, അതെയെന്ന് മറുപടി നൽകി. പടിയിൽ നിന്ന് ഇറങ്ങി വന്നപ്പോഴേക്കും വണ്ടിയിൽ കയറാൻ പറഞ്ഞു. എന്തിനാണ് എന്ന് ചോദിച്ചു. പൂന്തുറ സ്റ്റേഷനിൽ നിന്നാണ്, കാര്യം അറിയാമല്ലോ എന്നായിരുന്നു മറുപടിയെന്ന് അരുൺ പോറ്റി പറഞ്ഞു.
പൊലീസ് വാഹനത്തിൽ കൂട്ടിക്കൊണ്ടുപോയി മെഡിക്കൽ എടുപ്പിച്ച ശേഷം സ്റ്റേഷനിൽ എത്തിച്ചു. വിഗ്രഹം കാണാതായതുമായി ബന്ധപ്പെട്ട് ചോദിച്ചു. തനിക്ക് ആരെയെങ്കിലും സംശയമുണ്ടോ എന്ന് ചോദിച്ചു. എനിക്ക് അറിയില്ല സാറെ എന്ന് പറഞ്ഞു. എട്ട് മണിയായപ്പോൾ പൂജ കഴിഞ്ഞില്ലല്ലോ പൊയ്‌ക്കൊളാൻ പറഞ്ഞു. ഇനി പോകണ്ട സാറെ അപമാനിക്കപ്പെട്ടു എന്ന് പറഞ്ഞപ്പോൾ പൊലീസ് ജീപ്പിൽ കയറ്റി ക്ഷേത്രത്തിന് സമീപം കൊണ്ടുവിടുകയായിരുന്നു.
സംഭവത്തിൽ ഫോർട്ട് എസിപിയെ നേരിൽ കണ്ട് അരുൺ പോറ്റി പരാതി നൽകി. ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കാമെന്ന് എസിപിയും ഉറപ്പ് നൽകിയതായി അരുൺ പോറ്റി പറഞ്ഞു.