മൂവാറ്റുപുഴ: നിസ്‌കാര സമയം നീട്ടണമെന്നും പ്രത്യേക മുറി വേണമെന്നും ആവശ്യപ്പെട്ട് മുവാറ്റുപുഴ നിർമല കോളേജിൽ ഉണ്ടായ വിദ്യാർത്ഥി പ്രതിഷേധം കേരളത്തിലെ കോളേജുകളെ താലിബാൻവത്കരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന വിമർശനം ശക്തമാകുന്നു. എസ്എഫ്‌ഐയുടെയും എംഎസ് എഫിന്റെയും നേതൃത്വത്തിൽ ഒരു സംഘം വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ മണിക്കൂറുകളോളമാണ് തടഞ്ഞുവച്ചത്.
കോളേജിന് തൊട്ടടുത്ത് തന്നെ മസ്ജിദ് ഉണ്ട്. ഇവിടെ പോയി വിദ്യാർത്ഥികൾക്ക് നിസ്‌കരിക്കുന്നതിന് യാതൊരു വിധ നിയന്ത്രണങ്ങളും ഇല്ല. കോളേജ് റെസ്റ്റ് റൂമിലും വിദ്യാർത്ഥികൾക്ക് നിസ്‌കരിക്കുന്നതിന് തടസ്സങ്ങളില്ല. കോളേജിന് സ്വന്തമായി മൂന്ന് ഹോസ്റ്റലുകളാണ് ഉള്ളത്. ഇവിടെ പോയി നിസ്‌കരിക്കുന്നതിനും വിദ്യാർത്ഥികൾക്ക് മേൽ യാതൊരു വിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ല. ഈ വസ്തുതകൾ മറച്ചുവച്ചാണ് വിദ്യാർത്ഥികളിൽ മതവികാരം വളർത്തി മുതലെടുക്കാൻ നീക്കം നടക്കുന്നത്.
നിസ്‌കരിക്കാൻ അനുവദിച്ച സമയം വർദ്ധിപ്പിക്കണമെന്ന് ആയിരുന്നു പ്രതിഷേധിച്ച വിദ്യാർത്ഥികളുടെ മറ്റൊരു ആവശ്യം. നിലവിൽ 12.30 മുതൽ 2 വരെയുള്ള സമയമാണ് നിസ്‌കരിക്കുന്നതിനും, ഉച്ചഭക്ഷണത്തിനും വേണ്ടി നൽകിയിരിക്കുന്നത്. ഇത് 2.30 വരെ ആക്കണമെന്നാണ് ആവശ്യം. കോളേജിന്റെ പ്രവർത്തന സമയം 3.30 വരെ മാത്രമാണെന്നിരിക്കെയാണ് നിസ്‌കരിക്കുന്നതിനും, ലഞ്ച് ബ്രേക്കിനും വേണ്ടിയുള്ള സമയം 2 മണിക്കൂറായി ആയി ഉയർത്തണമെന്ന് ഇവർ പറയുന്നത്.
എംഎസ്എഫ് വിദ്യാർത്ഥികളാണ് ആദ്യം വിഷയം ഉയർത്തി പ്രിൻസിപ്പലിന്റെ ഓഫീസ് ഉപരോധിച്ചത്. പിന്നാലെ രാഷ്‌ട്രീയലാഭം നോക്കി എസ്എഫ്ഐയും വിഷയം ഏറ്റെടുക്കുകയായിരുന്നു. അടുത്ത മാസം കോളേജിൽ ഇലക്ഷൻ നടക്കാനിരിക്കെയാണ് എസ്എഫ്ഐ വിഷയം ആളിക്കത്തിക്കാൻ ശ്രമിക്കുന്നത്. വിദ്യാർത്ഥികളെ കോളേജിൽ നിസ്‌കരിക്കാൻ അനുവദിച്ചില്ലെന്ന തരത്തിലുള്ള പ്രചരണങ്ങളും ഇവർ നടത്തുന്നുണ്ട്. എന്നാൽ അത്തരത്തിൽ യാതൊന്നും ഉണ്ടായിട്ടില്ലെന്നാണ് കോളജ് വൃത്തങ്ങൾ പറയുന്നത്. വിഷയവുമായി ബന്ധപ്പെട്ട് കോളേജിൽ തിങ്കളാഴ്ച ചർച്ചകൾ നടത്തുമെന്നും ഇവർ പറയുന്നു.
കേരളക്കര ഒന്നാകെ ഞെട്ടിത്തരിച്ച കൈവെട്ട് കേസ് നടന്നതും ഇതേ കോളേജ് ക്യാമ്പസിന് സമീപം തന്നെയാണ്. തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായ ടി ജെ ജോസഫിന്റെ വലതുകൈപ്പത്തി മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിമാറ്റുകയായിരുന്നു. മുവാറ്റുപുഴ നിർമലമാതാ പള്ളിയിൽ കുർബാന കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ടി ജെ ജോസഫിന് നേരെ ആക്രമണം ഉണ്ടായത്. അദ്ധ്യാപകൻ തയ്യാറാക്കിയ ചോദ്യപേപ്പറിൽ പ്രവാചകനിന്ദ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം.















