സ്വകാര്യ ടെലികോം കമ്പനികളെ അപേക്ഷിച്ച് വൻ മുന്നേറ്റമാണ് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ നടത്തുന്നത്. ഏറ്റവുമൊടുവിലെ കണക്കുകൾ പ്രകാരം ബിഎസ്എൻഎല്ലിന്റെ നഷ്ടത്തിന്റെ തോത് കുറഞ്ഞുവരികയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നഷ്ടത്തിൽ 2,790.83 കോടിരൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
ടെലികോം മേഖലയിൽ പുത്തൻ കുതിപ്പിന് ബിഎസ്എൻഎല്ലിനെ സജ്ജമാക്കാനായി കേന്ദ്രത്തിന്റെ കൈത്താങ്ങുമുണ്ട്. ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയ്‌ക്കായി ഒരു ലക്ഷം കോടി രൂപയാണ് ആകെ അനുവദിച്ചിട്ടുള്ളത്. ബിഎസ്എൻഎല്ലിന്റെ സാങ്കേതിക നവീകരണത്തിനും പുനർനിർമാണത്തിനുമായി കേന്ദ്ര ബജറ്റിൽ 82,916 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്.
4 ജി സേവനങ്ങൾ രാജ്യമൊട്ടാകെ വിപുലീകരിക്കാനും മറ്റ് പദ്ധതികൾക്കുമായി ഈ തുക വിനിയോഗിക്കാം. തദ്ദേശീയമായി നിർമിച്ച 4ജി നെറ്റ് വർക്ക് സാങ്കേതിക വിദ്യകളാകും ബിഎസ്എൻഎൽ 4ജി വിന്യാസിത്തിനായി ഉപയോഗിക്കുക. ടാറ്റ കൺസൾട്ടൻസി സർവീസസ്, സിഡോട്ട് എന്നിവരുമായി സഹകരിച്ചാകും ബിഎസ്എൻഎൽ 4ജി നെറ്റ് വർക്ക് യാഥാർത്ഥ്യമാക്കുക. അടുത്തിടെ 15,000 കോടി രൂപയുടെ കരാറിലും ഒപ്പുവച്ചിരുന്നു.
നിലവിൽ ബിഎസ്എൻഎല്ലിന്റെ 20,000 ടവറുകളിൽ മാത്രമാണ് 4ജി എത്തിയിട്ടുള്ളത്. ടവറുകളുടെ എണ്ണം കൂട്ടാണ ബജറ്റ് വിഹിതത്തിന് സാധിക്കും. കേരളത്തിലെ ടവറുകളുടെ എണ്ണം 6,000-ത്തിൽ നിന്ന് 14,000 ആയി ഉയർത്തുമെന്നാണ് വിവരം. നേരത്തെ 64,787.17 കോടി രൂപയാണ് ബിഎസ്എൻഎല്ലിനായി ബജറ്റിൽ നീക്കിവച്ചിരുന്നത്.















