സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ തിയേറ്ററുകളിൽ റീ റിലീസ് ചെയ്തിരിക്കുകയാണ്. വൻ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. 23 വർഷങ്ങൾക്കു മുമ്പ് സിനിമ കണ്ട് അത്ഭുതപ്പെട്ടവരുടെയും ആദ്യമായി ദേവദൂതന്റെ മാന്ത്രികത അനുഭവിച്ചറിയാൻ വന്നവരുടെയും തിരക്കാണ് തീയേറ്ററുകളിലെല്ലാം. അതിൽ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. വളരെ വൈകാരികമായാണ് സംവിധായകന്റെ പ്രതികരണം.
“മോഹൻലാലിനെപ്പറ്റിയുള്ള ഒരുപാട് ഓർമ്മകൾ എനിക്കുണ്ട്. അദ്ദേഹവുമായി ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. ലാലിന്റെ അഭിനയം നേരിട്ട് കണ്ടിട്ടുള്ള ഒരാൾ എന്ന നിലയിൽ അദ്ദേഹത്തെപ്പറ്റി പറഞ്ഞ തീരില്ല. ദേവദൂതൻ എന്ന സിനിമയുടെ കഥയ്‌ക്ക് മാത്രമല്ല അതിന്റെ രണ്ടാം വരവിനും ഒരു മിസ്റ്ററി ഉണ്ട്. അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. ലോക സിനിമയിൽ ഇങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല. സാധാരണ വിജയിച്ച സിനിമകളാണ് തീയറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യുന്നത്. ഇത് പരാജയപ്പെട്ട ഒരു ചിത്രം വീണ്ടും തീയറ്ററിലേക്ക് വരികയും, അത് മുൻപത്തേക്കാളും പത്തിരട്ടി വലിപ്പത്തിൽ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്യുകയാണ്”.
“42 വർഷങ്ങൾക്കു മുമ്പ് എന്റെ ആദ്യത്തെ സിനിമയ്‌ക്കായി ഉണ്ടാക്കിയ കഥയാണ് ദേവദൂതൻ. അന്നത് നടന്നില്ല. 18 വർഷങ്ങൾക്കു ശേഷം ചെയ്തപ്പോൾ അത് സ്വീകരിക്കപ്പെട്ടുമില്ല. അതിന്റെ സമയം ഇതാണ്. ഈ കാലഘട്ടത്തിനു വേണ്ടി കാത്തുവെച്ച ഒരു സിനിമയാണ്. ഒരു സിനിമയുടെ പുനർജന്മം ആണിത്. ആൾക്കാർ ചവറ്റുകുട്ടയിൽ ഇട്ട ഒരു സിനിമ ഇന്ന് ആഘോഷിക്കപ്പെടുകയാണ്. അത് ദൈവീകമാണ്”-സിബി മലയിൽ പറഞ്ഞു.