ന്യൂഡൽഹി: സംരംഭകരെയും സംരംഭങ്ങളെയും പിന്തുണയ്‌ക്കുന്നതിൽ കേന്ദ്രം പ്രത്യേകം ശ്രദ്ധ പുലർത്താറുണ്ട്. സ്റ്റാർട്ടപ്പുകൾക്ക് വളരാനുള്ള സാഹര്യം ഒരുക്കാനും സാമ്പത്തിക സഹായം നൽകാനും കേന്ദ്രം മടിക്കാറില്ല. ഇതിന്റെ ഫലമായി രാജ്യമൊട്ടാകെ സംരംഭങ്ങൾ മുളച്ച് പൊന്തുകയാണ്. നിരവധി യുവാക്കളെയും സ്ത്രീകളെയുമാണ് സ്റ്റാർട്ടപ്പുകൾ ശാക്തീകരിച്ചത്.
ഇന്ത്യയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 1.4 ലക്ഷം സ്റ്റാർട്ടപ്പുകളാണെന്ന് വ്യവസായിക സഹമന്ത്രി ജിതിൻ പ്രസാദ രാജ്യസഭയിൽ വ്യക്തമാക്കി. മഹാരാഷ്‌ട്രയാണ് സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ മുൻപന്തിയിൽ. 25,044 സ്റ്റാർട്ടപ്പുകളാണ് സംസ്ഥാനത്തുള്ളത്.
15,019 രജിസ്ട്രേഡ് സ്റ്റാർട്ടപ്പുകളുമായി കർണാടകയാണ് രണ്ടാം സ്ഥാനത്ത്. 14,734 സ്റ്റാർട്ടുപ്പുകളുള്ള ഡൽഹിയാണ് മൂന്നാമത്. ഉത്തർപ്രദേശ് നാലം സ്ഥാനത്തും ഗുജറാത്ത് അഞ്ചാം സ്ഥാനത്തുമാണ്. സ്റ്റാർട്ടപ്പുകളുടെ എണ്ണം യഥാക്രമം 13,299-ഉം 11,436-ഉം ആണ്. സ്റ്റാർട്ടപ്പുകളെ പിന്തുണയ്‌ക്കുന്നതിനായി നിരവധി പദ്ധതികളും കേന്ദ്രം ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംരംഭങ്ങളുമായി ബന്ധപ്പെട്ട 19 മേഖലകളിൽ പിന്തുണ നൽകുന്ന ‘സ്റ്റാർട്ടപ്പ് ഇന്ത്യ ആക്ഷൻ പ്ലാൻ’ ഇതിൽ പ്രധാനമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ‘സ്റ്റാർട്ടപ്പ് ഇന്ത്യ: ദ വേ എഹെഡ്’ എന്ന പദ്ധതി സ്റ്റാർട്ടപ്പുകളെ ബിസിനസ് മേഖലയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം വയ്‌ക്കുന്നത്. വിവിധ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ സാങ്കേതികവിദ്യയുടെ പങ്ക്, ആത്മനിർഭർ ഭാരത് എന്നിവയും ഉൾപ്പെടുന്നു. സ്റ്റാർട്ടപ്പുകളുടെ നടത്തിപ്പിനും മറ്റുമായി 10,000 കോടി രൂപയുടെ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി രാജ്യസഭയിൽ അറിയിച്ചു.















