ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡാ ജില്ലയിൽ ഒളിവിൽ കഴിയുന്ന മൂന്ന് ഭീകരരുടെ രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് ജമ്മു കശ്മീർ പൊലീസ്. ഇവരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നവർക്ക് 5 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
ദോഡയിലെയും ടെസ്സയിലെയും ഉയർന്ന പ്രദേശത്തേക്ക് നീങ്ങിയെന്ന് കരുതപ്പെടുന്ന ഭീകരരുടെ രേഖാചിത്രങ്ങളാണ് ഇവയെന്നാണ് പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നത്. ടെസ്സയിലെ ഉറാർ ബാഗി മേഖലയിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളിൽ ഈ മൂന്ന് ഭീകരരും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
രേഖാചിത്രത്തിൽ കാണുന്ന ഭീകരരുടെ സാന്നിധ്യം ശ്രദ്ധയിൽ പെട്ടാലോ ഇവരുടെ നീക്കങ്ങളെ കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ പൊലീസിന് കൈമാറണമെന്ന് ദോഡയിലെ ജനങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ടാണ് ജമ്മു കശ്മീർ പൊലീസിന്റെ പ്രസ്താവന. ആളുകൾക്ക് വിവരങ്ങൾ കൈമാറുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പറുകളും നൽകിയിട്ടുണ്ട്.