ചെന്നൈ: സ്‌കൂളുകളുടെ പേരുകളിലെ ജാതി ടാഗിനെതിരെ മദ്രാസ് ഹൈക്കോടതി. സർക്കാർ സ്‌കൂളുകളുടെ പേരിൽ ‘ആദിവാസി'(ട്രൈബൽ ) എന്ന പദവും മറ്റ് ജാതി സൂചകങ്ങളും ഉപയോഗിക്കുന്നത് അനാവശ്യമാണെന്നും അത് അവിടെ പഠിക്കുന്ന കുട്ടികളെ കളങ്കപ്പെടുത്തുമെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞു.
ഇത്തരം വാക്കുകൾ നീക്കം ചെയ്യാൻ തമിഴ്‌നാട് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതിനായി ഉചിതമായ നടപടി സ്വീകരിക്കാൻ ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം, ജസ്റ്റിസ് സി കുമരപ്പൻ എന്നിവരടങ്ങിയ ബെഞ്ച് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. അടുത്തിടെ 66 പേരുടെ മരണത്തിനിടയാക്കിയ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ ഫയലിൽ സ്വീകരിച്ച ഹർജി
പരിഗണിക്കവെയാണ് ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
മേഖലയിൽ നടപ്പാക്കിയ ക്ഷേമപദ്ധതികൾ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറൽ (എജി) സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ട് പരിശോധിച്ചപ്പോൾ , ‘സർക്കാർ ട്രൈബൽ റസിഡൻഷ്യൽ സ്കൂൾ’ എന്ന പേരിൽ പ്രദേശത്തെ സ്കൂളുകൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി ബെഞ്ച് പറഞ്ഞു.
“സർക്കാർ സ്‌കൂളിന്റെ പേരിനൊപ്പം ആദിവാസി എന്ന പദം ഉപയോഗിക്കുന്നത് ന്യായമല്ല . സ്‌കൂളിന്റെ പേരിൽ “ആദിവാസി” എന്ന വാക്ക് ഉപയോഗിക്കുന്നത് സ്‌കൂളിൽ പഠിക്കുന്ന കുട്ടികളെ കളങ്കപ്പെടുത്തുന്നതിന് കാരണമാകുമെന്നതിൽ സംശയമില്ല. സമീപ പ്രദേശങ്ങളിലെ മറ്റ് കുട്ടികളുമായി തുല്യമായി സ്‌കൂളിലല്ല, “ട്രൈബൽ സ്‌കൂളിലാണ്” പഠിക്കുന്നതെന്ന് അവർക്ക് തോന്നും. കുട്ടികളെ അപകീർത്തിപ്പെടുത്തുന്നത് ഒരു സാഹചര്യത്തിലും കോടതിയും സർക്കാരും അംഗീകരിക്കില്ല ,” കോടതി നിരീക്ഷിച്ചു.
ഒരു പ്രത്യേക സമുദായത്തെയോ ജാതിയെയോ സൂചിപ്പിക്കുന്നതിന് അത്തരം പേരുകൾ ഉപയോഗിക്കുന്നിടത്തെല്ലാം അവ നീക്കം ചെയ്യുകയും ‘സർക്കാർ സ്‌കൂൾ’ എന്ന് പുനർനാമകരണം ചെയ്യുകയും വേണം,” ബെഞ്ച് പറഞ്ഞു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പൊതുപണം കൊണ്ട് പ്രവർത്തിക്കുന്ന സർക്കാർ സ്കൂളുകളിൽ ഇത്തരം വാക്കുകൾ ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകുന്നത് വേദനാജനകമാണെന്നും കോടതി അഭിപ്രായപ്പെട്ടു . സാമൂഹ്യനീതിയിൽ മുൻനിര സംസ്ഥാനമായ തമിഴ്‌നാട് സംസ്ഥാനത്തിന് ഇത്തരം അപകീർത്തികരമായ ഉപസർഗ്ഗങ്ങളോ പ്രത്യയങ്ങളോ അനുവദിക്കാനാവില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
എജിയുടെ റിപ്പോർട്ടിൽ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. മുതിർന്ന ഉദ്യോഗസ്ഥരുമായി പ്രദേശത്ത് വീണ്ടും പരിശോധന നടത്തി കൽവരയൻ കുന്നുകളിലെ ഗ്രാമങ്ങളുടെ അടിസ്ഥാന യാഥാർത്ഥ്യത്തെക്കുറിച്ച് മറ്റൊരു റിപ്പോർട്ട് സമർപ്പിക്കാൻ അമിക്കസ് ക്യൂറി കെആർ തമിഴ്മണിയോട് കോടതി നിർദ്ദേശിച്ചു. കേസ് വാദം കേൾക്കുന്നതിനായി ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റി.















