ന്യൂഡൽഹി: കശ്മീരിലെ ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ പാക് സൈന്യം നുഴഞ്ഞുകയറ്റ ശ്രമം നടത്തുകയും ദോഡ അടക്കമുള്ള ജില്ലകളിൽ ഭീകരാക്രമണങ്ങളുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിൽ ജമ്മുകശ്മീരിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവ്.
കശ്മീരിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ഒഡിഷയിൽ നിന്ന് 2,000 ബിഎസ്എഫ് ഉദ്യോഗസ്ഥരെ കൂടി എത്തിക്കാനാണ് നീക്കം. അപ്രതീക്ഷിതമായി പാകിസ്താൻ പ്രകോപനങ്ങളുണ്ടായാൽ നേരിടാൻ കൂടിയാണ് അതിർത്തി സുരക്ഷാ സേനയെ കൂടുതലായി വിന്യസിക്കുന്നത്.
ഒഡിഷയിൽ നിന്ന് ജമ്മുവിലേക്ക് ബിഎസ്എഫിന്റെ രണ്ട് ബറ്റാലിയനുകളാണ് എത്തുക. ഈയാഴ്ച തുടക്കത്തിൽ തന്നെ ഇതുസംബന്ധിച്ച ഉത്തരവ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ലഭിച്ചിരുന്നതായി ബിഎസ്എഫ് അറിയിച്ചു.
കുപ് വാരയിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപമുണ്ടായ ആക്രമണത്തിന് പിന്നിൽ ഭീകരരുമായി ബന്ധമുള്ള പാക് പട്ടാളക്കാരാണെന്ന് സ്ഥിരീകരിച്ചിരുന്നു. പാക് സൈന്യത്തിന്റെ ഭാഗമായ ബോർഡർ ആക്ഷൻ ടീമാണ് ആക്രമണം നടത്തിയത്. ഇതിൽ പാക് പട്ടാളത്തിലെ കമാൻഡോകൾ കൂടാതെ ഭീകരരും ഉൾപ്പെടുന്നു. തിരിച്ചടിച്ച ഇന്ത്യൻ സൈന്യം ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. മേജർ അടക്കമുള്ള അഞ്ച് പേർക്ക് ഏറ്റുമുട്ടലിൽ പരിക്കേൽക്കുകയും ഒരു സൈനികൻ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.,















