നായകനായുള്ള അരങ്ങേറ്റം സൂര്യകുമാർ യാദവ് അർദ്ധ സെഞ്ച്വറിയുമായി ഗംഭീരമാക്കിയപ്പോൾ പരിശീലകനായുള്ള ആദ്യ മത്സരം ജയിച്ച് തുടങ്ങാൻ ഗംഭീറിനുമായി. ശ്രീലങ്കയെ 43 റൺസിനാണ് ഇന്ത്യ തകർത്തത്. സ്കോർ ഇന്ത്യ :213/7. ശ്രീലങ്ക: 170/10. ശ്രീലങ്കയിൽ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന ടി20 ടോട്ടലാണിത്.
ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് വിടുകയായിരുന്നു. ഈ തീരുമാനം തെറ്റെന്ന് ആദ്യമേ ഇന്ത്യൻ ബാറ്റർമാർ ലങ്കൻ ബൗളർമാർക്ക് മനസിലാക്കി കൊടുത്തു. പവർപ്ലേയിൽ 74 റൺസാണ് ഇന്ത്യ നേടിയത്. ഗില്ലും (16 പന്തിൽ 34) യശസ്വി ജയ്സ്വാൾ(21 പന്തിൽ 40) എന്നിവർ തകർത്തടിച്ചാണ് തുടങ്ങിയത്. 26 പന്തിൽ 58 റൺസടിച്ച ക്യാപ്റ്റൻ സൂര്യകുമാറാണ് ഇന്ത്യ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. 33 പന്തിൽ 49 റൺസുമായി ഇന്ത്യൻ സ്കോർ 180 കടത്തിയത് ഋഷഭ് പന്തായിരുന്നു.
ഹാർദിക് പാണ്ഡ്യ(9), റിയാൻ പരാഗ്(7), റിങ്കു സിംഗ് (1) എന്നിവർക്ക് തിളങ്ങാനായില്ല. 5 പന്തിൽ 10 റൺസ് നേടിയ അക്സറാണ് സ്കോർ 200 കടത്തിയത്. ലങ്കൻ നിരയിൽ മതീഷ പതിരാന 4 വിക്കറ്റുമായി തിളങ്ങി. മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് വെല്ലുവിളി ഉയർത്തുന്ന തുടക്കമായിരുന്നു ലങ്കയുടേത്. പാതും നിസാങ്കയും (79), കുശാൽ മെൻഡിസും (45) ചേർന്ന് ആദ്യ വിക്കറ്റിിൽ 84 റൺസിന്റ കൂട്ടുക്കെട്ടാണ് ഉയർത്തിയത്. നിസാങ്കയെ വീഴ്‌ത്തി അക്സറാണ് ഇന്ത്യക്ക് ബ്രേക്ക്ത്രൂ നൽകിയത്.
കുശാൽ പേരെര 14 പന്തിൽ 20 റൺസെടുത്ത് പുറത്തായത് അവർക്ക് തിരിച്ചടിയായി. കമിന്ദു മെൻഡിസ് (12) ആണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റർ. ലങ്കൻ ബാറ്റിംഗിന്റെ മദ്ധ്യനിര താരങ്ങൾ ഉത്തരവാദിത്തം മറന്നതോടെ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമായി. ആറുപേർ രണ്ടക്കം കാണാതെ പുറത്തായപ്പോൾ ഇതിൽ മൂന്ന പേർ ഡക്കായി. 8 പന്ത് മാത്രം എറിഞ്ഞ പരാഗ് മൂന്ന് പേരെ പുറത്താക്കി. അർഷദീപ് സിംഗ്,അക്സർ പട്ടേൽ എന്നിവർ രണ്ടുവീതം വിക്കറ്റ് വീഴ്‌ത്തി. സിറാജിനും ബിഷ്ണോയിക്കും ഓരോവിക്കറ്റ് വീതം ലഭിച്ചു.