ന്യൂഡൽഹി: യുക്രെയ്ൻ-റഷ്യ പോരാട്ടം അവസാനിപ്പിക്കാൻ നയതന്ത്ര തലത്തിലുള്ള ഇടപെടലുകൾ നടത്തണമെന്നും, ചർച്ചകളിലൂടെ പ്രശ്‌ന പരിഹാരം കാണണമെന്നുമുള്ള നിലപാട് ആവർത്തിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. യുദ്ധത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ച ഗാസയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആസിയാൻ യോഗത്തിന്റെ ഭാഗമായി നടന്ന 14ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിൽ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേൽ-പാലസ്തീൻ വിഷയത്തിലും, യുക്രെയ്ൻ-റഷ്യ വിഷയത്തിലും ഇന്ത്യയുടെ നിലപാടുകളാണ് അദ്ദേഹം ആവർത്തിച്ചത്.
” ഗാസയിലെ മാനുഷിക പ്രതിസന്ധി ആശങ്കയുണ്ടാക്കുന്ന വിഷയം തന്നെയാണ്. സംഘർഷം ഒഴിവാക്കി സമാധാനം പുന:സ്ഥാപിക്കപ്പെടണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. പ്രദേശത്തെ ജനങ്ങൾക്ക് ഇന്ത്യ സഹായങ്ങൾ കൈമാറുന്നത് ഇപ്പോഴും തുടരുന്നുണ്ട്. ഈ പ്രശ്‌നത്തിന്റെ പേരിൽ ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ഹൂതി വിമതർ നടത്തുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാകില്ല. ഇത് വളരെ അധികം ആശങ്കയുണ്ടാക്കുന്നുണ്ട്. മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് സുരക്ഷ ഒരുക്കേണ്ടത് അത്യാവശ്യമാണ്” ജയശങ്കർ വ്യക്തമാക്കി.
പാലസ്തീൻ അഭയാർത്ഥികൾക്കായി 2.5 മില്യൺ ഡോളറിന്റെ ആദ്യ ഗഡു സഹായം ഇന്ത്യ കൈമാറിയിരുന്നു. പാലസ്തീനിലെ യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിയിലേക്കായി 5 മില്യൺ ഡോളർ ഈ വർഷം കേന്ദ്രസർക്കാർ കൈമാറും. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് 2.5 മില്യൺ ഡോളർ സംഘടനയ്‌ക്കായി കൈമാറിയത്. ഗാസയിൽ ദ്വിരാഷ്‌ട്ര പ്രശ്‌ന പരിഹാരമാണ് ഉണ്ടാകേണ്ടത് എന്ന കാര്യവും ഇന്ത്യ ചൂണ്ടിക്കാട്ടി. യുക്രെയ്ൻ വിഷയത്തിൽ നയതന്ത്ര തലത്തിലുള്ള സംഭാഷണങ്ങളിലൂടെ പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്.
” പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി എന്നിവരുമായി സംസാരിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് ഏത് രീതിയിലുള്ള ഇടപെടലുകൾ നടത്താനും ഇന്ത്യ തയ്യാറാണ്. ചർച്ചകളിലൂടെ ഈ വിഷയത്തിന് പരിഹാരമുണ്ടാകുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും” ജയശങ്കർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. അടുത്തിടെ പുടിനുമായി നടത്തിയ ചർച്ചയിലും സംഘർഷം പ്രശ്‌നപരിഹാരമല്ലെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ചിരുന്നു.