ന്യൂഡൽഹി: ഡൽഹി ഓൾഡ് രാജേന്ദ്രനഗറിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പരിശീലന കേന്ദ്രത്തിന്റെ നടത്തിപ്പുകാർക്കും മുനിസിപ്പൽ അധികാരികൾക്കുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകളാണ് പ്രദേശത്ത് പ്രതിഷേധവുമായി എത്തിയത്.
ഡ്രെയിനേജ് വൃത്തിയാക്കാതെ കിടന്ന് വെള്ളം തള്ളിവന്നതാണ് ബേസ്മെന്റിൽ വെള്ളപ്പൊക്കം ഉണ്ടാകാൻ കാരണമായതെന്നാണ് പരിശീലന കേന്ദ്രത്തിന്റെ നടത്തിപ്പുകാർ പറയുന്നത്. ഡ്രെയിനേജ് വൃത്തിയാക്കണമെന്ന ആവശ്യവുമായി പല തവണ ആംആദ്മി പാർട്ടി നേതാവും സ്ഥലം എംഎൽഎയുയ ദുർഗേഷ് പഥകിനെ സമീപിച്ചിട്ടുണ്ടെന്നും, എന്നാൽ അദ്ദേഹം വിഷയത്തിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു. സംഭവത്തിൽ ബിജെപിയും ആംആദ്മിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഡ്രെയിനേജ് വൃത്തിയാക്കാത്തത് എന്തുകൊണ്ടാണെന്നതില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ് പറഞ്ഞു. അരവിന്ദ് കെജ്രിവാളും, അതിഷിയും, ആം ആദ്മി സർക്കാരും വലിയ അഴിമതിയാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി എംപി ബൻസുരി സ്വരാജും ആംആദ്മിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ” തങ്ങളുടെ നല്ലൊരു ഭാവി സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഈ കുട്ടികൾ ഇവിടെ എത്തിയത്. പ്രദേശവും ഡ്രെയിനേജും വൃത്തിയാക്കണമെന്ന നാട്ടുകാരുടെ അഭ്യർത്ഥന എംഎൽഎ ദുര്‍ഗേഷ് പഥക്കും സര്‍ക്കാരും തിരിഞ്ഞുനോക്കിയില്ല. ഡ്രെയിനേജ് സംവിധാനത്തിൽ പ്രശ്നങ്ങളുണ്ടെന്ന് ദിവസങ്ങൾക്ക് മുൻപ് തന്നെ അവർ ദുർഗേഷ് പഥക്കിനെ അറിയിച്ചിരുന്നു. അവർ തന്നെയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന മരണങ്ങളുടെ ഉത്തരവാദികളെന്നും” ബൻസുരി സ്വരാജ് പറയുന്നു.
ആംആദ്മി നടത്തിയ കൊലപാതകമാണ് ഇതെന്നായിരുന്നു ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാലയുടെ വിമർശനം. എന്നാൽ ഇത് രാഷ്ട്രീയത്തിനുള്ള സമയമല്ലെന്നും വിദ്യാർത്ഥികളെ രക്ഷിക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ദുർഗേഷ് പഥക് പറഞ്ഞു. ഇന്നലെ രാത്രി 7.30ഓടെയായിരുന്നു സംഭവം. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് അപകടത്തിൽ മരിച്ചത്. ബേസ്മെന്റിൽ കൂടുതൽ വിദ്യാർത്ഥികൾ കുടുങ്ങിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും പരിശോധന തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.















