ഷിരൂർ: ഗംഗാവലി പുഴയ്ക്കടിയിൽ മരത്തടി ഉണ്ടെന്ന് മത്സ്യത്തൊഴിലാളിയായ ഈശ്വർ മാൽപെ. സ്റ്റേ വയർ ചുറ്റിയ നിലയിലാണ് മരത്തടി പുഴയിലുള്ളത്. ഇന്ന് ഇതിൽ കൂടുതൽ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്മൺ നായിക്കിന്റെ കടയുടെ മുകളിലെ ഷീറ്റുകളും ഇന്നലെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ലോറി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഗംഗാവലി പുഴയിലെ തിരച്ചിൽ അപകടകരമായ ദൗത്യമെന്നും ഈശ്വർ മാൽപെ പറഞ്ഞു. മുങ്ങുമ്പോൾ ഒന്നും കാണാൻ കഴിയില്ല, കണ്ണു കെട്ടി ഇറങ്ങുന്നതുപോലെയാണ്. അതിശക്തമായ അടിയൊഴുക്കാണ് പുഴയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. തകര ഷീറ്റുകളും തടികളും വൈദ്യുതി കമ്പികളും പുഴയിൽ കണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം റിസ്കിലാണ് നദിയിൽ ഇറങ്ങുന്നതെന്ന് എഴുതി നൽകിയാണ് ഈശ്വർ മാൽപെ അർജുനെ തിരഞ്ഞ് പുഴയിലിറങ്ങിയത്. ഗംഗാവലി പുഴയിൽ കൂടുതൽ പോയിൻ്റുകളിൽ ഇന്ന് ഈശ്വർ മാൽപെയും സംഘവും തിരച്ചിൽ നടത്തും. ദൗത്യത്തിന്റെ പുരോഗതിയിൽ ജില്ലാ കളക്ടർ ഇന്ന് സർക്കാരിന് റിപ്പോർട്ട് നൽകും.
ഇന്ന് 13-ാം ദിനത്തിലെ തിരച്ചിൽ ദൗത്യം ആരംഭിക്കാനിരിക്കേ ഷിരൂരിൽ വീണ്ടും മഴ കനക്കുകയാണ്. 10 കിലോമീറ്റലേറെ വേഗത്തിലാണ് നദിയിൽ ഒഴുക്കുള്ളത്. മുങ്ങൽ വിദഗ്ധർക്ക് പോലും ഒഴുക്കിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല. കരയിൽ നിന്ന് 132 കിലോമീറ്റർ അകലെയാണ് പരിശോധന നടക്കുന്നത്. ലോറി പതിയെ നീങ്ങുന്നുവെന്നാണ് നിഗമനം.
നിർണായകമാകുമെന്ന് കരുതിയ ഗംഗാവലി പുഴയിലിറങ്ങിയുള്ള പരിശോധനയിലും നിരാശയായിരുന്നു ഫലം. പ്രാദേശിക മത്സ്യത്തൊഴിലാളി സംഘത്തെ പുഴയിലിറക്കിയായിരുന്നു കഴിഞ്ഞ ദിവസത്തെ തിരച്ചിൽ. ഉഡുപ്പി അക്വാമാൻ എന്നറിയപ്പെടുന്ന ഈശ്വർ മാൽപെ നാവികസേനയുടെ സഹായത്തോടെയായാണ് നിരവധി തവണ പുഴയിലിറങ്ങിയത്. ഒരു തവണ ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടി ഒഴുക്കിൽപെട്ടു. നാവികസേനയാണ് ഈശ്വർ മാൽപെയെ രക്ഷപ്പെടുത്തിയത്.















