15 അടി ഉയരം, 8 ടൺ ഭാരം; അഫ്സൽ ഖാനെ വധിക്കുന്ന ശിവാജി മഹാരാജിന്റെ പ്രതിമ പ്രതാപ്ഗഡ് കോട്ടയിൽ; 2025ൽ ഉദ്ഘാടനം
മുംബൈ: അഫ്സൽ ഖാനെ വധിക്കുന്ന ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമയുടെ നിർമാണം പ്രതാപ്ഗഡ് കോട്ടയുടെ അടിത്തട്ടിൽ പുരോഗമിക്കുന്നു. അടുത്ത വർഷം ഉദ്ഘാടനം പൂർത്തിയാകുമെന്ന് മഹാരാഷ്‌ട്ര ടൂറിസം മന്ത്രി മംഗൾ പ്രഭാത് ലോധ അറിയിച്ചു. 8 ടൺ ഭാരവും ഏകദേശം 15 അടി ഉയരവുമുള്ള ശിൽപം സത്താറ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.
ശിൽപിയായ ദീപക് തോപ്‌തെയുടെയും ജെജെ സ്‌കൂളിലെ അദ്ധ്യാപകനായ രാജീവ് മിശ്രയുടെയും നേതൃത്വത്തിൽ ജെജെ സ്‌കൂൾ ഓഫ് ആർട്‌സിലെ സംഘമാണ് പ്രതിമയുടെ നിർമാണത്തിന് പിന്നിൽ. ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 350-ാം വാർഷികത്തിൽ പ്രതാപ്ഗഡ് സന്ദർശിച്ച വേളയിലാണ് ഇത്തരമൊരു പ്രതിമയെക്കുറിച്ച് ആശയം ഉദിച്ചതെന്നും അതിപ്പോൾ യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണെന്നും മന്ത്രി മംഗൾ പ്രഭാത് ലോധ പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണിതെന്നും ശിവാജിയുടെ പുതിയ പ്രതിമ രാഷ്‌ട്രീയ പ്രേരിതമാണെന്നുമുള്ള പ്രതിപക്ഷത്തിന്റെ വാദങ്ങളെയും മന്ത്രി തള്ളി. ഏകദേശം ഒന്നര വർഷം മുമ്പ്, തെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകുന്നതിന് വളരെ മുമ്പാണ് പ്രതിമയെക്കുറിച്ചുള്ള ആശയം നിർദേശിക്കപ്പെടുന്നത്. ഛത്രപതി ശിവാജി മഹാരാജിന്റെ പാരമ്പര്യം ഭാവി തലമുറയെ പ്രചോദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിമ നിർമ്മിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി. മഹാരാഷ്‌ട്രയുടെ സമ്പന്നമായ ചരിത്രവും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതാപ്ഗഡ് കോട്ടയുടെ പശ്ചാത്തലത്തിൽ സ്ഥാപിക്കുന്ന പ്രതിമ കേവലമൊരു ദൃശ്യവിസ്മയം മാത്രമല്ല, വീര്യത്തിന്റെയും പ്രചോദനത്തിന്റെയും പ്രതീകമായിരിക്കും. ചരിത്രകാരന്മാരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഇത് മാറുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവച്ചു.















