ന്യൂഡൽഹി: ദേശീയ ബഹിരാകാശ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ വിപുലമായ ആഘോഷത്തിനൊരുങ്ങി ഐഎസ്ആർഒ. സ്കൂളുകൾ, കോളേജുകൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് ആഘോഷ പരിപാടികളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാം. ‘ഭാരത ബഹിരാകാശയുഗം: ചന്ദ്രനിൽ തൊട്ടുള്ള ജീവിത സ്പർശം’ എന്നതാണ് ഇക്കൊല്ലത്തെ വിഷയം.
ചന്ദ്രനിൽ തൊട്ടുള്ള ജീവസ്പർശം: ഭാരത ബഹിരാകാശയുഗം എന്ന വിഷയത്തിലോ ഭാരത അന്തരീക്ഷനിലയം, ചന്ദ്രനെ ഇടത്താവളമാക്കിയുള്ള അന്യഗ്രഹ യാത്ര, 2047-ലെ ബഹിരാകാശ സഞ്ചാരം തുടങ്ങിയ വിഷയങ്ങളിലോ പരിപാടികൾ സംഘടിപ്പിക്കാം. പെയിൻ്റിംഗ്, ഉപന്യാസരചന, പ്രശ്നോത്തരി, ചെറുകഥ-കവിത രചന, റോക്കറ്റിന്റെ മാതൃക ഉണ്ടാക്കൽ, വാട്ടർ റോക്കറ്റ് വിക്ഷേപണം, ഭുവൻ (BHUVAN) ഉപയോഗിച്ച് സ്ഥാപനമോ സമീപ പ്രദേശമോ മാപ്പ് ചെയ്യൽ, ബഹിരാകാശം വിഷയമാക്കി രചിച്ച ഗ്രന്ഥങ്ങളുടെ അവലോകനം, നാടകം-സ്കിറ്റ്-ഫ്ലാഷ് മോബ് തുടങ്ങിയവയുടെ അവതരണം, നൂതനാശയങ്ങളാൽ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിച്ചെടുക്കൽ, ശാസ്ത്ര-സാങ്കേതിക വിദഗ്ധരെ പങ്കെടുപ്പിച്ചുള്ള പഠനശിബിരങ്ങളും പൊതുചടങ്ങുകളും സംഘടിപ്പിക്കൽ, ശാസ്ത്ര പ്രദർശനങ്ങൾ തുടങ്ങിയ വ്യത്യസ്ത ആഘോഷ പരിപാടികൾ സംഘടിപ്പിക്കാവുന്നതാണ്.
ആഘോഷങ്ങളുടെ റിപ്പോർട്ട്, ഫോട്ടോകളും, വീഡിയോകളും ഉൾപ്പെടുത്തി Iഇസ്രോയ്‌ക്ക് സമർപ്പിച്ച് സമ്മാനങ്ങൾ നേടാം. ഓരോ വിദ്യാലയത്തിലും പങ്കെടുത്ത് വിജയികളാകുന്നവർക്ക് ISRO സർട്ടിഫിക്കറ്റുകൾ നൽകും. വിശദവിവരങ്ങൾക്ക് www.vssc.gov.in സന്ദർശിക്കുക.
ഭാരതത്തിന്റെ ചന്ദ്രയാൻ 3 ദൗത്യം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്തുള്ള ശിവശക്തി പോയിൻ്റിൽ സുരക്ഷിതമായിറങ്ങി പ്രഗ്യാൻ റോവറിനെ ചന്ദ്രോപരിതലത്തിൽ ചലിപ്പിച്ച് പരീക്ഷണവിജയം നേടിയത് 2023 ആഗസ്റ്റ് 23-നാണ്. ഭാരതം ചരിത്രവിജയം നേടിയ ഈ ദിവസം ദേശീയ ബഹിരാകാശദിനമായി പ്രധാനമന്ത്രി നരേന്ദ്രമോേദി പ്രഖ്യാപിച്ചിരുന്നു. ബഹിരാകാശ ശാസ്ത്ര-സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അവബോധം വിദ്യാർത്ഥികളിൽ സൃഷ്ടിച്ചെടുക്കാനും ഈ രംഗത്തേക്ക് കുട്ടികളെ താൽപ്പര്യം ജനിപ്പിക്കാനുമാണ് ഈ ആഘോഷ പരിപാടികൾ കൊണ്ട് ലക്ഷ്യമിടുന്നത്.















