ടോക്കിയോ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ടോക്കിയോയിൽ ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ലോക രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ആശങ്കകളെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നത് കേന്ദ്രീകരിച്ചായിരുന്നു
നേതാക്കളുടെ ചർച്ച. സാമ്പത്തിക, പ്രതിരോധ, വ്യാപാര വിഷയങ്ങളെ കുറിച്ചും വിപുലമായ ചർച്ചകൾ നടന്നു. ആന്റണി ബ്ലിങ്കനെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ആഗോള, പ്രാദേശിക വിഷയങ്ങളെ കുറിച്ച് ചർച്ച നടത്തിയെന്നും കൂടിക്കാഴ്ചക്ക് ശേഷം ജയശങ്കർ എക്സിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി
എസ് ജയശങ്കർ ലാവോസിൽ നിന്ന് ജപ്പാനിലെത്തിയത്. ദ്വിദിന സന്ദർശനത്തിന് ടോക്കിയോയിലെത്തിയ ജയശങ്കറെ ജപ്പാനിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
ഇന്ത്യ, ജപ്പാൻ, യുഎസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ക്വാഡ് യോഗത്തിൽ പങ്കെടുക്കുന്നത്.