ബെംഗളൂരു: ഷിരൂരില തെരച്ചിൽ താത്കാലികമായ നിർത്തിയ വിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കൂടിയാലോചനകൾ ഇല്ലാതെയാണ് തീരുമാനമെന്നും രക്ഷാദൗത്യത്തിനായുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലാ കളക്ടറോട് നിലപാട് അറിയിച്ചിട്ടുണ്ട്. തീരുമാനം നടപ്പാക്കേണ്ടത് കർണാടക സർക്കാരാണ്. കേരളത്തിലെ മന്ത്രിമാർക്ക് അവിടെ പോകാൻ മാത്രമേ സാധിക്കുകയുള്ളൂ. കഴിയുന്നത്രയും കാര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്തു. മറ്റൊരു സംസ്ഥാനത്തിന്റെ രക്ഷാദൗത്യത്തിൽ ഇടപ്പെടുന്നതിന് കേരളത്തിന് പരിമിതിയുണ്ട്. ദൗർഭാഗ്യകരമായ തീരുമാനമാണിത്. ഇന്ന് കാലാവസ്ഥ അനുകൂലമാണ്. എന്നിട്ടും അവർ എന്തിനാണ് തെരച്ചിൽ നിർത്തുന്നതെന്നും മന്ത്രി പറഞ്ഞു.
കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ എം വിജിൻ എംഎൽഎയും പ്രതികരിച്ചിരുന്നു. തെരച്ചിൽ സ്ഥിരമായി നിർത്തുകയാണോ എന്ന് സംശയിക്കുന്നുവെന്നും എംഎൽഎ പറഞ്ഞു.