പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആരാധന തുറന്നു പറഞ്ഞ് നടൻ രൺബീർ കപൂർ. കാന്തം പോലെ എല്ലാവരെയും ആകർഷിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് നരേന്ദ്രമോദി എന്ന് തനിക്കുണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ട് താരം പ്രതികരിച്ചു. നിഖിൽ കാമത്തുമായി നടത്തിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയെ രൺബീർ പ്രശംസിച്ചത്.
“ഞാൻ രാഷ്‌ട്രീയത്തെക്കുറിച്ച് കൂടുതലൊന്നും ചിന്തിക്കുന്നില്ല. 4-5 വർഷം മുമ്പ് ഞങ്ങൾ എല്ലാ അഭിനേതാക്കളും സംവിധായകരും കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ പോയിരുന്നു. നിങ്ങൾ അദ്ദേഹത്തെ ടെലിവിഷനിൽ കണ്ടിട്ടുണ്ടാവും. അദ്ദേഹം എത്ര നല്ല പ്രാസംഗികനാണെന്നും നിങ്ങൾക്കറിയാം. ആരെയും കാന്തംപോലെ ആകർഷിക്കുന്ന വ്യക്തി. ഞങ്ങൾ ഓരോരുത്തരുടേയും അടുത്തുവന്ന് പ്രത്യേകം അദ്ദേഹം സംസാരിച്ചു. ഓരോരുത്തരുടെയും വിശേഷങ്ങൾ നരേന്ദ്രമോദി ചോദിച്ചറിഞ്ഞു”.
“എന്റെ അച്ഛൻ ചികിത്സയിലിരിക്കുന്ന സമയമായിരുന്നു അത്. അച്ഛന്റെ ആരോഗ്യത്തെപ്പറ്റിയും ചികിത്സയെപ്പറ്റിയുമാണ് എന്നോട് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞത്. ആലിയയോട് മറ്റൊന്നാണ് ചോദിച്ചത്. വിക്കി കൗശലിനോടും കരൺ ജോഹറോടുമെല്ലാം അതുപോലെ തന്നെ. ഓരോരുത്തരോടും അവരുടെ വ്യക്തിപരമായ കാര്യങ്ങളെപ്പറ്റിയായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം”.
“ഞങ്ങളുടെ ഓരോരുത്തരുടെയും വിശേഷങ്ങൾ ചോദിച്ചറിയേണ്ട ആവശ്യമൊന്നും പ്രധാനമന്ത്രിക്ക് ഉണ്ടായിരുന്നില്ല. എന്നിട്ടുകൂടി ഞങ്ങളോട് അദ്ദേഹം സംസാരിച്ചു. വളരെ അപൂർവ്വം ആൾക്കാർക്ക് മാത്രമേ ഇങ്ങനെയുള്ള നല്ല സ്വഭാവം ലഭിക്കൂ. മോദിജിയുടേത് പോലുള്ള സ്വഭാവഗുണം പല വലിയ ആളുകളിലും കാണാൻ കഴിഞ്ഞിട്ടുണ്ട്. ഷാരൂഖ് ഖാൻ മോദിജിയെ പോലെ ഒരാളാണ്. ഇങ്ങനെ ഒരുപാട് മഹാന്മാർ ഉണ്ട്”-രൺബീർ കപൂർ പറഞ്ഞു.