പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ സമ്മാനിച്ചത് മനു ഭാക്കറായിരുന്നു. 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ പൊന്നിന്റെ തിളക്കമുള്ള വെങ്കലമാണ് താരം സ്വന്തമാക്കിയത്. 243.2 എന്ന ഗെയിംസ് റെക്കോഡോടെ സ്വർണം നേടിയ കൊറിയയുടെ കിം യെജിക്കും ജിൻ യെ ഓക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഭാക്കർ ഫിനിഷ് ചെയ്തത്. അവസാന ഷോട്ടുകളിൽ ഏകാഗ്രത പാലിക്കാനും ആ സമയം ശാന്തമായിരിക്കാനും ഭഗവത് ഗീത വായിക്കുന്നത് തുണച്ചുവെന്നാണ് മനു മെഡൽ നേട്ടത്തിന് ശേഷം വ്യക്തമാക്കിയത്.
“ഭഗവത് ഗീത ഞാൻ ഒരുപാട് വായിക്കും, ഭഗവാൻ കൃഷ്ണൻ അർജുനനെ ഉപദേശിക്കുന്നതു പോലെ കർമ്മ ഫലത്തെക്കുറിച്ച് ചിന്തിക്കാതെ കർമ്മത്തിൽ വിശ്വസിക്കാനാണ് ഗീത എന്നെ പഠിപ്പിച്ചത്. അവസാന നിമിഷങ്ങളിൽ ഇക്കാര്യങ്ങളാണ് എന്റെ മനസിൽ നിറഞ്ഞത്. ടോക്കിയോയിലെ പ്രകടനത്തിന് ശേഷം ഞാൻ നിരാശയിലായിരുന്നു. അതിനെ മറികടക്കാൻ ഏറെ സമയം വേണ്ടിവന്നു. വെങ്കല മെഡൽ നേടാനായതിൽ വളരെ ആശ്വാസമുണ്ട്. ഒരുപക്ഷേ അടുത്ത തവണ ഇതിലും മികച്ച പ്രകടനമുണ്ടാകും. വളരെ അഭിമാനമുണ്ട്. ഈ മെഡൽ ഇന്ത്യക്ക് ഏറെക്കാലമായി ലഭിക്കേണ്ടതായിരുന്നു’— മനു ഭാക്കർ പറഞ്ഞു.
Manu Bhaker after winning the Bronze Medal pic.twitter.com/Z3UAdYsjQh
— Sachin Padha (@sachin_padha) July 28, 2024















