കൊച്ചി: മൂവാറ്റുപുഴ നിർമല കോളജിൽ നിസ്‌കാര മുറി വേണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർഥികൾ നടത്തിയ സമരം ഒറ്റപ്പെട്ട സംഭവമല്ലെന്ന് കാസ പ്രസിഡന്റ് കെവിൻ പീറ്റർ. നിർമല കോളജിൽ എന്നല്ല, കേരളത്തിലെ ഒരു ഹൈന്ദവ, ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിസ്‌കാരമുറി എന്ന ആവശ്യം ഒരു കാരണവശാലും അനുവദിച്ചു കൊടുക്കരുതെന്ന് കെവിൻ പീറ്റർ പറഞ്ഞു. വിഷയത്തിൽ ജനം ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ ഇസ്ലാമികവൽക്കരിക്കുന്നതിന്റെ ഭാഗമായി ഇതര മതവിഭാഗങ്ങളിൽപെട്ട സ്ഥാപനങ്ങളിൽ കടന്നുകൂടി അവിടെ പ്രശ്‌നങ്ങളുണ്ടാക്കി അപ്രഖ്യാപിതമായി ആ സ്ഥാപനങ്ങളുടെ നിയന്ത്രണം കൈക്കലാക്കുക എന്നതാണ് ഇത്തരം പ്രവർത്തനങ്ങളുടെ ലക്ഷ്യം. അതിന്റെ ഭാഗമായിട്ടാണ് നിർമല കോളജിൽ ഉയർന്ന നിസ്‌കാര മുറി എന്ന ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ആവശ്യങ്ങൾ ഉയർത്തുന്നവർ നിസ്‌കാര മുറിയെന്ന ആവശ്യത്തിൽ മാത്രം അവസാനിപ്പിക്കില്ല. മതപരമായ മറ്റ് പല ആവശ്യങ്ങളും ഉയർത്തുമെന്നും കെവിൻ പീറ്റർ മുന്നറിയിപ്പ് നൽകി.
വിശ്വാസം മാത്രമാണ് പ്രശ്‌നമെങ്കിൽ സ്ത്രീകൾ ബഹിരാകാശത്തു പോകുന്ന കാലത്ത് സ്ത്രീകളെ പള്ളിയിൽ കയറ്റാത്ത മുസ്ലീം മത നേതൃത്വത്തിന്റെ നിലപാടാണ് ചർച്ച ചെയ്യേണ്ടത്. കോളേജിന് തൊട്ടടുത്ത മോസ്‌കിൽ മുസ്‌ലിം മത വിശ്വാസികളായ ആൺകുട്ടികൾ ആരാധനയ്‌ക്ക് പോകുന്നുണ്ട്. പെൺകുട്ടികൾക്ക് മസ്ജിദിൽ കയറാൻ കഴിയുന്നില്ലെങ്കിൽ സമരം ചെയ്യേണ്ടത് നിർമ്മലാ കോളേജ് പ്രിൻസിപ്പലിന്റെ മുന്നിലാണോയെന്ന് വിദ്യാർത്ഥികൾ തന്നെ ആലോചിക്കണമെന്നും ക്രിസ്റ്റ്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) പ്രസിഡന്റ് കെവിൻ പീറ്റർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ക്ലാസ് മുറിയിൽ നിസ്‌കരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ നിർമല കോളജിൽ ഒരു സംഘം വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ ഉപരോധിച്ചത്. പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത വിധം ഏറെ നേരം വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിയുമായി പുറത്ത് നിലയുറപ്പിക്കുകയായിരുന്നു. വിഷയത്തിൽ തിങ്കളാഴ്ച വിദ്യാർത്ഥികളുമായി ചർച്ച നിശ്ചയിച്ചിട്ടുണ്ട്.
വിഷയം കോളേജ് മാനേജ്‌മെന്റിന് മുന്നിൽ അവതരിപ്പിക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാൽ നിസ്‌കാര മുറിയെന്ന ആവശ്യം അനുവദിക്കേണ്ടെന്ന തീരുമാനത്തിലാണ് കോളേജ് മാനേജ്‌മെന്റ്.















