ഷാങ്ഹായ് : ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ മിന്നൽ പ്രളയത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഗസ്റ്റ് ഹൗസ് തകർന്ന് 12 പേർ മരിച്ചു.18 പേർ മണ്ണിനടിയിൽപ്പെട്ടെങ്കിലും 6 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തുകയായിരുന്നെന്ന് ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ അറിയിച്ചു.
സംഭവ സ്‌ഥലത്ത് ദുരന്ത നിവാരണ സേനയിലെ 240 ഓളം ആൾക്കാരാണ് എത്തിയത്. ചൈനീസ് സർക്കാർ മാധ്യമമായ ബെയ്‌ജിംഗ് യൂത്ത് ഡെയ്‌ലിയും ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവയും ദുരന്ത മുഖത്തെ ദയനീയാവസ്‌ഥ വ്യക്തമാക്കുന്ന വീഡിയോ പങ്കുവച്ചു.
ചൈനയിൽ ഈ വർഷം കാലാവസ്ഥാ വ്യതിയാനത്തിന്റെ വലിയ പ്രശ്‌നങ്ങളാണ് അനുഭവപ്പെടുന്നത്. വടക്കൻ മേഖലയിലും തെക്ക് പടിഞ്ഞാറൻ മേഖലയിലും ഉണ്ടായ മിന്നൽപ്രളയങ്ങളിൽ ഈ മാസം തന്നെ 20 പേരെങ്കിലും മരിച്ചതായാണ് കണക്ക്. കഴിഞ്ഞ മേയിൽ കനത്ത മഴയെത്തുടർന്ന് തെക്കൻ ചൈനയിലെ ഒരു ഹൈവേ തകർന്ന് 48 പേർ മരിച്ചിരുന്നു.















