ആലപ്പുഴ: കലവൂർ പ്രീതികുളങ്ങരയിൽ കാർ നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് ബ്ലോക്ക് പഞ്ചായത്തംഗം അടക്കം രണ്ടു പേർ മരിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും ഡിവൈഎഫ്ഐ നേതാവുമായ എം.രജീഷ്, ഡിവൈഎഫ്ഐ പ്രവർത്തകൻ അനന്തു
എന്നിവരാണ് മരിച്ചത്.
രാത്രി ഒൻപതരയ്‌ക്ക് ശേഷമായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി തെങ്ങിൽ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന സുരേഷ്, കിച്ചു എന്നിവരെ വണ്ടാനം മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് കാർ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തതെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. കാർ അമിത വേഗത്തിലായിരുന്നെന്നും പിന്നീട് നിയന്ത്രണം വിട്ട് റോഡരികിലുള്ള തെങ്ങിലേക്ക് ഇടിച്ചു കയറിയെന്നും പ്രദേശവാസികൾ പറയുന്നു. വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിരുന്നു.















