ശ്രീലങ്കയ്‌ക്കെതിരെയുള്ള ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യൻ പുരുഷ ടീം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ടു കളികളും ജയിച്ചാണ് സിരീസ് സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിൽ മഴനിയമ പ്രകാരം ഏഴ് വിക്കറ്റിനായിരുന്നു ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയർത്തിയ 162 റൺസ് പിന്തുടരുന്നതിനിടെ രസം കൊല്ലിയായി മഴയെത്തി. ഇതോടെ വിജയലക്ഷ്യം എട്ടോവറിൽ 78 ആയി പുനഃനിർണയിച്ചു.
9 പന്ത് ശേഷിക്കെ ഇന്ത്യയിത് മറികടക്കുകയായിരുന്നു. ശ്രീലങ്കയുടെ നട്ടെല്ല് തകർത്ത രവി ബിഷ്ണോയ് ആണ് കളിയിലെ കേമൻ. താരം 26 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഇന്നത്തെ മത്സരത്തിൽ ശുഭ്മാൻ ഗില്ലിന്റെ അഭാവത്തിൽ ഓപ്പണറായി അവസരം ലഭിച്ച സഞ്ജു സാംസൺ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി.
തീക്ഷണയാണ് താരത്തെ ബൗൾഡാക്കിയത്. 15 പന്തിൽ 30 റൺസെടുത്ത യശസ്വി ജയ്സ്വാൾ നൽകിയ തുടക്കം ഹാർദിക് പാണ്ഡ്യയും (22) സൂര്യകുമാർ യാദവും(26) ചേർന്ന് ഏറ്റുപിടിക്കുകയായിരുന്നു. ക്യാപ്റ്റൻ പുറത്തായെങ്കിലും ഋഷഭിനൊപ്പം ചേർന്ന് ഹാർദിക് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
നേരത്തെ ആദ്യ ഇന്നിംഗ്സിൽ നന്നായി തുടങ്ങിയ ലങ്ക 15 ഓവറിന് ശേഷം കൂട്ടത്തകർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പാതും നിസാങ്ക(32), കുശാൽ പെരേര(53), കമിന്ദു മെൻഡിസ്(26) എന്നിവർ ചേർന്ന് ആതിഥേയർക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. എന്നാൽ തന്റെ അവസാന ഓവറിൽ തൊട്ടടുത്ത പന്തുകളിൽ ദാസുൻ ഷാനകയെയും വാനിന്ദു ഹസരംഗയെയും ഡക്കാക്കി ബിഷ്ണോയിയാണ് ലങ്കയെ തകർച്ചയിലേക്ക് തള്ളിവിട്ടത്.