പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ വേട്ടയ്‌ക്ക് തുടക്കമിട്ടത് ഹരിയാന ജജ്ജാർ ജില്ലയിലെ ഗോരിയ സ്വദേശി മനു ഭാക്കറാണ്. ‘യൂണിവേഴ്‌സൽ സീനിയർ സെക്കന്ററി സ്‌കൂൾ’, മനു ഭാക്കറെന്ന ഷൂട്ടിംഗ് താരത്തിന്റെ ഉദയം ഈ വിദ്യാലയത്തിൽ വച്ചായിരുന്നു. ഇപ്പോഴും ഇവിടെ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പ്രചോദനമായി വിദ്യാലയത്തിൽ താരമുണ്ട്. ഹരിയാനയിൽ ഇന്ന് സ്‌കൂൾ അറിയപ്പെടുന്നത് മനുവിന്റെ പേരിലാണ്.
10 മീറ്റർ എയർ പിസ്റ്റളിൽ പാരിസ് ഒളിമ്പിക്‌സിൽ മനു വെങ്കല മെഡൽ നേടിയപ്പോഴും സ്‌കൂളിൽ വലിയ ആഘോഷ പരിപാടികളാണ് നടന്നത്. 2016-ലെ റിയോ ഒളിമ്പിക്‌സ് കണ്ടാണ് മനുവിന് ഷൂട്ടിംഗിൽ താത്പര്യമുണ്ടായത്. 14-കാരിയുടെ ആഗ്രഹത്തിനൊപ്പം കുടുംബവും കൂടെ നിന്നു. ഒരു വർഷം കൊണ്ട് ദേശീയ ചാമ്പ്യൻ. മനുവിന്റെ നേട്ടത്തിൽ സ്‌കൂൾ അധികൃതർ സന്തോഷം അറിയിച്ചത് പ്രിയ വിദ്യാർത്ഥിക്ക് പരിശീലിക്കാൻ ഇടം ഒരുക്കിയാണ്.
ഇന്ന് ഈ സ്‌കൂൾ കടഞ്ഞെടുക്കുന്നത് നിരവധി ദേശീയ അന്തർദേശീയ താരങ്ങളെയാണ്. എല്ലാവർക്കും പ്രചോദനവും മനുവെന്ന ഷാർപ്പ് ഷൂട്ടറാണ്. മനു ഒളിമ്പിക്‌സ് മെഡൽ നേടിയതിൽ ഏറെ സന്തോഷമുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ അവൾ സ്വർണമെഡൽ നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് അദ്ധ്യാപകരിൽ ഒരാൾ പറഞ്ഞത്. മനുവിന്റെ നേട്ടങ്ങളിൽ നിന്ന് ഞങ്ങൾ പ്രചോദനം ഉൾക്കൊള്ളുന്നുണ്ട്. അവരെ പോലെ മത്സരങ്ങളിൽ പങ്കെടുക്കാനും നേട്ടങ്ങൾ സ്വന്തമാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ഇതിനായി നന്നായി പരിശീലിക്കുന്നുണ്ടെന്നാണ് വിദ്യാർത്ഥികൾ പറഞ്ഞത്.
1 മുതൽ 12 വരെയുള്ള ക്ലാസുകളിലായി 700 വിദ്യാർത്ഥികളാണ് ഈ സ്‌കൂളിൽ പഠിക്കുന്നത്. ഷൂട്ടിംഗിന് പുറമെ ഗുസ്തി, ബാസ്‌കറ്റ്‌ബോൾ, വോളിബോൾ, ക്രിക്കറ്റ് തുടങ്ങിയ കായിക ഇനങ്ങളിലും സ്‌കൂളിൽ വിദഗ്ധ പരിശീലനം നൽകുന്നുണ്ട്. ഇതിന് പുറമെ വിവിധ സേനകളിലേക്ക് വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിനായി റസിഡൻഷ്യൽ ഡിഫൻസ് അക്കാദമിയും പ്രവർത്തിക്കുന്നുണ്ട്.















