ന്യൂഡൽഹി: കടം തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ ഇളവുകളിൽ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇരുരാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവയ്‌ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കാൻ പ്രവർത്തിക്കുമെന്നും മുഹമ്മദ് മുയിസു പറയുന്നു.
കഴിഞ്ഞ ദിവസം മാലദ്വീപിൽ നടന്ന സ്വാതന്ത്ര്യ ദിന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മുയിസു ഇന്ത്യയ്‌ക്ക് നന്ദി അറിയിച്ചത്. മാലദ്വീപിന്റെ വിദേശനയം ഏറെ മികച്ചതാണെന്നും മുയിസു പറഞ്ഞു. ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും നന്ദി അറിയിച്ചുകൊണ്ടായിരുന്നു മുയിസുവിന്റെ പ്രസംഗം. മാലദ്വീപിന്റെ കടബാധ്യതകൾ തീർപ്പാക്കുന്നതിൽ നൽകിയ ഇളവുകൾ രാജ്യത്തെ സംബന്ധിച്ച് വളരെ വലിയ പ്രതീക്ഷയാണെന്നും, സാമ്പത്തിക പരമാധികാരം നിലനിർത്താൻ ഈ നീക്കങ്ങൾ സഹായിച്ചതായും മുയിസു പറയുന്നു.
”ബ്രിട്ടണുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടാനുള്ള ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇന്ത്യയുമായും സമാനമായ കരാറിൽ ഏർപ്പെടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാലദ്വീപിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായി ഇന്ത്യ തുടരും. ഇതിൽ മറ്റ് ചോദ്യങ്ങളുടെ ആവശ്യമില്ലെന്നും” മുയിസു പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ഇന്ത്യയ്‌ക്കെതിരെയും നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്ക് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു.
പിന്നാലെ ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾ മാലദ്വീപിലേക്കുള്ള യാത്ര വലിയ തോതിൽ ഉപേക്ഷിച്ചിരുന്നു. മാലദ്വീപിലെത്തുന്ന ടൂറിസ്റ്റുകളിൽ വലിയൊരു വിഭാഗം ഇന്ത്യയിൽ നിന്നുള്ളവരാണെന്നിരിക്കെയാണ് ഇത്തരമൊരു തിരിച്ചടി നേരിട്ടത്. മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യം മാലദ്വീപ് സന്ദർശിച്ച ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 33 ശതമാനം കുറവ് ഉണ്ടായതായി മാലദ്വീപ് ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.















