ശ്രീനഗർ : കഴിഞ്ഞ 25 വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന താപനില കാശ്മീരിൽ രേഖപ്പെടുത്തി. ശ്രീനഗറിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, ശ്രീനഗർ നഗരത്തിൽ ഞായറാഴ്ച 36.2 ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനില രേഖപ്പെടുത്തി.
ഇതിനു മുന്പ് കാശ്മീരിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് 1999 ജൂലൈ 9 നാണ്. 37 ഡിഗ്രി സെൽഷ്യസ് ആയിരുന്നു അന്നത്തെ താപനില. ജൂലൈയിലെ അതിനു ശേഷമുള്ള ഏറ്റവും ചൂടേറിയ ദിവസമായിരുന്നു ഇത്.
തെക്കൻ കശ്മീരിലെ ഖാസിഗുണ്ട്, കോക്കർനാഗ് പട്ടണങ്ങളിലും ജൂലൈയിലെ ഏറ്റവും ചൂടേറിയ ദിനം ഇന്നലെയായിരുന്നു.
ഖാസിഗുണ്ടിൽ ഇതിനു മുൻപ് 1988 ജൂലായ് 11-ന് രേഖപ്പെടുത്തിയ 34.5 ഡിഗ്രി സെൽഷ്യസിനെ മറികടന്ന് ഇന്നലെ 35.6 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിത്. കോക്കർനാഗിൽ, താപനില 34.1 ഡിഗ്രി സെൽഷ്യസായി ഉയർന്നു, ഇവിടെ ഇതിനു മുൻപ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ഈ വർഷം ജൂലൈ 3 ന് 33.3 ഡിഗ്രി സെൽഷ്യസ് ആണ്.
കാശ്മീർ തീവ്രമായ ഉഷ്ണ തരംഗത്തിന് കീഴിലാണ്, താഴ്‌വരയിലെ പല സ്ഥലങ്ങളിലും 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയുണ്ട്. എന്നാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ കശ്മീർ താഴ്‌വരയിൽ ഒറ്റപ്പെട്ട മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു, ഇത് മൂലം താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
ശ്രീനഗറിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജൂലൈ ദിവസം 1946 ജൂലൈ 10 നാണ് രേഖപ്പെടുത്തിയത്. അന്ന് താപനില 38.3 ഡിഗ്രി സെൽഷ്യസായി ഉയർന്നിരുന്നു.















