പത്തനംതിട്ട: ഇന്ത്യൻ നേഴ്‌സിംഗ് കൗൺസിലിന്റെ അംഗീകാരം ലഭിക്കാത്ത പത്തനംതിട്ടയിലെ ഗവ: നേഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥികൾ ഇന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന്റെ പത്തനംതിട്ടയിലെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. മന്ത്രിയുടെ മണ്ഡലത്തിൽ 8 മാസമായിട്ടും അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാത്തതിലടക്കമാണ് പ്രതിഷേധം നടക്കുന്നത്.
നേഴ്‌സിംഗ് കോളേജിൽ നിന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കും തുടർന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസിലേക്കുമാണ് മാർച്ച്. മന്ത്രി നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. 8 മാസം മുമ്പാണ് 60 വിദ്യാർത്ഥികൾ പത്തനംതിട്ടയിലെ നേഴ്‌സിംഗ് കോളേജിൽ ചേർന്നത്. പത്തനംതിട്ടയിലെ അസൗകര്യങ്ങൾ മാത്രമുള്ള വാകടകെട്ടിടത്തിലാണ് കോളേജിന്റെ പ്രവർത്തനം.
കോളേജിന് അംഗീകാരമില്ലെന്ന കാരണത്താൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ലോണെടുക്കാൻ പോലും സാധിക്കുന്നില്ല. രണ്ട് ടോയ്‌ലറ്റുകൾ മാത്രമാണ് 60 വിദ്യാർത്ഥികൾക്കുള്ളത്. കോന്നി മെഡിക്കൽ കോളേജിലും നേഴ്‌സിംഗ് പഠനത്തിന്റെ ഭാഗമായുള്ള ക്ലാസുകൾ നടക്കുന്നുണ്ട്. സ്വന്തമായി പണം മുടക്കിയാണ് ഇവിടേക്ക് ക്ലാസിനായി എത്തുന്നത്. 400 രൂപയോളമാണ് ഒരു മാസം ചെലവ് വരുന്നത്. ഹോസ്റ്റൽ സൗകര്യവുമില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.















