നടൻ കൃഷ്ണ കുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ ദിയ കൃഷ്ണ വിവാഹിതയാകുന്നുവെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. തമിഴ്‌നാട് സ്വദേശിയായ ഐടി മേഖലയിൽ ജോലി ചെയ്യുന്ന അശ്വിൻ ഗണേഷാണ് വരൻ. സെപ്റ്റംബറിൽ നടക്കുന്ന വിവാഹത്തിന്റെ വസ്ത്രങ്ങളും മറ്റുമെടുക്കുന്ന വീഡിയോ ദിയ തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. ഇന്നലെ ദിയ പങ്കുവച്ച താലി പൂജയുടെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ.
നാഗർ കോവിലിലെ അശ്വിന്റെ കുടുംബ ക്ഷേത്രത്തിലെ താലി പൂജയുടെ വീഡിയോയാണ് ദിയ പങ്കുവച്ചത്. വധുവരന്മാർക്കൊപ്പം അശ്വിന്റെ അച്ഛനും അമ്മയും താലി പൂജയിൽ പങ്കെടുത്തിരുന്നു.തക്കലയിലെ കുമാര കോവിലിൽ ദർശനം നടത്തിയതിന് ശേഷമാണ് കുടുംബക്ഷേത്രത്തിലെത്തിയത്. കുമാര കോവിലിൽ നിന്ന് വാങ്ങിയ മഞ്ഞ ചരടിലാണ് താലി കോർത്തിരിക്കുന്നത്. താലി വീഡിയോയിൽ കാണിച്ചിട്ടില്ല.
പുടവയും താലിയും വിവാഹ ക്ഷണക്കത്തും പൂക്കളുമാണ് ക്ഷേത്രത്തിൽ പൂജിച്ചത്. പൂജയ്‌ക്ക് ശേഷം ലഭിച്ച ചരട് വധുവരന്മാരുടെ കയ്യിൽ അശ്വിന്റെ അമ്മ കെട്ടികൊടുക്കുന്നുണ്ട്. താലിയിൽ പ്രത്യേകതകളുണ്ടാകുമോയെന്നാണ് ഇരുവരുടെയും ആരാധകർക്ക് അറിയേണ്ടത്. സെപ്റ്റംബറിൽ നടക്കുന്ന വിവാഹം തമിഴ് ബ്രാഹ്‌മണ ആചാരപ്രകാരമായിരിക്കും എന്ന സൂചനയുണ്ട്.
ക്ഷേത്ര ദർശനം പൂർണമായും ഭക്തിയോടെയും സന്തോഷത്തോടെയും ആസ്വദിക്കുന്ന ദിയ കൃഷ്ണയെ വീഡിയോയിൽ കാണാം. പച്ചയും റോസും നിറത്തിലുള്ള ദാവണി ഉടുത്താണ് താലി പൂജയിൽ ദിയ പങ്കെടുത്തത്.















