എറണാകുളം: നിർമ്മലാ കോളേജിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ കുട്ടികൾക്ക് തെറ്റുപറ്റിയെന്നും അവർക്ക് ഇസ്ലാമിന്റെ രീതികളെ കുറിച്ച് ഉപദേശങ്ങൾ നൽകുമെന്നും മഹല്ല് കമ്മിറ്റി. നിസ്‌കാര മുറിയെ ചൊല്ലി കോളേജ് പ്രിൻസിപ്പൽ ഡോ. കെവിൻ കെ കുര്യാക്കോസിനെ തടഞ്ഞുവച്ച സംഭവത്തിൽ മഹല്ല് കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു. മുവാറ്റുപുഴ നഗരസഭാ അതിർത്തിയിലെ രണ്ട് മഹല്ലുകളിലെ ഇമാമുമാരും മതനേതാക്കളുമാണ് കോളേജ് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച കോളേജിൽ നടന്ന സംഭവങ്ങൾ ഖേദകരമാണ്. പ്രാർത്ഥനയ്‌ക്കും ആചാരനുഷ്ഠാനത്തിനുമൊക്കെ നിർദിഷ്ടമായ രീതികൾ ഇസ്ലാം മതം നിഷ്‌കർഷിച്ചിട്ടുണ്ട്. കുട്ടികൾക്ക് തെറ്റുപറ്റിയെന്നും അതിൽ സമുദായത്തിന്റെ ഖേദപ്രകടനം നടത്താനാണ് പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയതെന്നും മഹല് കമ്മിറ്റിയുടെ ചുമതലയുള്ള പി എസ് എ ലത്തിഫ് പറഞ്ഞു. രാജ്യത്ത് കലാലയ- സാമുദായിക- സാമൂഹിക അന്തരീക്ഷം തകരരുത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ചർച്ച നടത്തിയത്. വിദ്യാർത്ഥികൾ നടത്തിയ സമരത്തിലേക്ക് സമുദായത്തെ ആരും വലിച്ചിഴക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കുട്ടികൾക്ക് ഇസ്ലാമിന്റെ രീതികൾ സംബന്ധിച്ച് നിർദേശങ്ങൾ നൽകും. നമസ്‌കാരം പോലുള്ള അനുഷ്ഠാനങ്ങളെ സംബന്ധിച്ചും വിശ്വാസ പ്രമാണങ്ങളെ കുറിച്ചും വഴിതെറ്റാതിരിക്കാനുള്ള ഉപദേശ നിർദേശങ്ങൾ നൽകാൻ മഹല്ല് കമ്മിറ്റി തയ്യാറായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നിസ്‌കാര മുറി അനുവദിക്കണമെന്ന ഒരു വിഭാഗം വിദ്യാർത്ഥികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു. 72 വർഷത്തെ ചരിത്രത്തിൽ ക്യാമ്പസിൽ ഇത്തരമൊരു ആവശ്യം ഉണ്ടായിട്ടില്ല. ഇത്രയും കാലം പുലർത്തിപ്പോന്ന നിലപാട് തന്നെ വിഷയത്തിൽ കോളേജ് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചില വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ നിസ്‌കാര മുറി വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രിൻസിപ്പലിനെ ഉപരോധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് മാനേജ്‌മെന്റ് യോഗം ചേർന്നത്.















