ആലപ്പുഴ: കേരളം ഒന്നടങ്കം അർജുന് വേണ്ടി പ്രാർത്ഥിക്കുമ്പോൾ തുല്യ ദുഃഖിതരായി ആലപ്പുഴയിലെ ഒരു കുടുംബവും. പറവൂർ സ്വദേശികളായ ബാബുവും കുടുംബവുമാണ് കടലിൽ കാണാതായ മകന് വേണ്ടി കണ്ണീരോടെ കാത്തിരിക്കുന്നത്. കപ്പലിൽ ജോലി ചെയ്യുന്ന വിഷ്ണുവിനെയാണ് ജോലിക്കിടെ കാണാതായത്. സംഭവം നടന്ന് 12 ദിവസം പിന്നിടുമ്പോഴും യുവാവിനെ കുറിച്ചും യാതൊരു സൂചനയും ലഭിച്ചിട്ടില്ല.
അന്വേഷണം എങ്ങും എത്താത്തതിന്റെ നിരാശയിലാണ് വിഷ്ണുവിന്റെ കുടുംബം. ഈ മാസം 17 മുതലാണ് വിഷ്ണുവിനെ കാണാതായത്. ചെന്നൈ ആസ്ഥാനമായ ഡെൻസ മറൈൻ കാർഗോ ഷിപ്പിംഗ് കമ്പനിയുടെ എസ്എസ്ഐ റസല്യൂട്ട് എന്ന കപ്പലിലെ ട്രെയിനിയായി ജോലി ചെയ്യുകയായിരുന്നു വിഷ്ണു. കപ്പൽ ഒഡീഷയിൽ നിന്ന് ചൈനയിലേക്ക് പോകവെയാണ് അപകടമുണ്ടായത്.
കാണാതാകുന്ന അന്ന് തമിഴ്നാട് സ്വദേശിയായ സഹപ്രവർത്തകൻ അറുമുഖന്റെ ഫോണിൽ നിന്ന് വിഷ്ണു വീട്ടുകാരുമായി സംസാരിച്ചിരുന്നു. തൊട്ടടുത്ത ദിവസം രാവിലെയാണ് വിഷ്ണുവിനെ കാണാതായി എന്ന വിവരം കപ്പൽ കമ്പനി അധികൃതർ വീട്ടുകാരെ അറിയിക്കുന്നത്.
ജീവനക്കാർ ദിവസവും കപ്പലിലെ പ്രധാന ഓഫീസിൽ റിപ്പോർട്ട് ചെയ്യുന്ന പതിവുണ്ട്. 18- ന് വിഷ്ണു റിപ്പോർട്ട് ചെയ്തില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ ഡെക്കിൽ വിഷ്ണുവിന്റെ ചെരുപ്പ് കണ്ടെത്തിയെന്നാണ് കമ്പനി അറിയിച്ചത്. സംഭവത്തിൽ കപ്പൽ കമ്പനി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നത്.
സംഭവത്തിൽ ഔദ്യോഗികമായി യാതൊരു അന്വേഷണവും ഉണ്ടായിട്ടില്ലെന്ന് വിഷ്ണുവിന്റെ അച്ഛൻ ബാബു പ്രതികരിച്ചു. 17-ാം തീയതി ഏഴ് മണിയ്‌ക്ക് മകൻ തന്നെ വിളിച്ചിരുന്നു. തന്റെ നെറ്റ് തീർന്നുവെന്നും സുഹൃത്തിന്റെ ഫോണിൽ നിന്നാണ് വിളിക്കുന്നതെന്നും അവൻ എന്നോട് പറഞ്ഞു. രാത്രി 9.30-ക്ക് കാണാതായി എന്നാണ് കപ്പൽ അധികൃതർ പറയുന്നത്. പക്ഷേ അത് വിശ്വസിക്കാൻ കഴിയുന്നില്ല.
ഔദ്യോഗികമായി യാതൊരു അന്വേഷണവും ഉണ്ടായിട്ടില്ല. മലാക്ക ദ്വീപിൽ വച്ചാണ് മകനെ കാണാതാകുന്നത്. അതിന്റെ ചുറ്റളവിൽ മാത്രമാണ് തെരച്ചിൽ നടന്നത്. സർക്കാരുകൾ ഇടപെട്ട് ഫലപ്രദമായ അന്വേഷണം നടത്തണമെന്നും ബാബു പറഞ്ഞു.















