ഇസ്ലാമാബാദ് : വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലെ കുറം ജില്ലയിൽ കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന സുന്നി- ഷിയാ ഗോത്രവർഗ സംഘട്ടനങ്ങളിൽ വൻ നാശനനഷ്ടം. സായുധ ഏറ്റുമുട്ടലുകളിൽ 36 പേരെങ്കിലും കൊല്ലപ്പെടുകയും 166-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് എന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു .എന്നാൽ ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പുറത്തു വിടുന്ന കണക്കനുസരിച്ച് മരണസംഖ്യ 400 കവിഞ്ഞു.

അഫ്ഗാനിസ്താനുമായി അതിർത്തി പങ്കിടുന്ന ഈ പ്രദേശത്തിന് സുന്നി- ഷിയാ വിഭാഗങ്ങൾക്കിടയിലുള്ള വിഭാഗീയ സംഘട്ടനങ്ങളുടെ കലുഷിതമായ ചരിത്രമുണ്ട്. അപ്പർ കുറം ജില്ലയിലെ ബൊഷേര ഗ്രാമത്തിൽ അഞ്ച് ദിവസം മുമ്പ് കനത്ത ഏറ്റുമുട്ടലുകൾ ആരംഭിച്ചതായി ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്.
ഏതാനും ദിവസങ്ങൾ മുമ്പ് ഭൂമി തർക്കത്തെ തുടർന്ന് ഇരു ഗോത്ര വിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായിരുന്നു.തുടർന്ന് പീവാർ, താംഗി, ബാലിഷ്‌ഖേൽ, ഖാർ കാലായ്, മഖ്ബൽ, കുഞ്ച് അലിസായ്, പാരാ ചംകാനി, കർമാൻ തുടങ്ങിയ പ്രദേശങ്ങളിലേക്കും സംഘർഷം വ്യാപിച്ചു.

മോർട്ടാർ ഷെല്ലുകളും റോക്കറ്റ് ലോഞ്ചറുകളും ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങൾ എതിരാളികൾ പരസ്പരം ഉപയോഗിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. കുറം ആദിവാസി ജില്ലയിലെ പ്രധാന നഗരങ്ങളായ പരച്ചിനാർ, സദ്ദ എന്നിവിടങ്ങളിൽ മോർട്ടാർ, റോക്കറ്റ് ഷെല്ലുകളും പ്രയോഗിച്ചതായി റിപ്പോർട്ട് ഉണ്ട് . പ്രദേശത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർക്കറ്റുകളും അടച്ചു, പ്രധാന റോഡുകളിൽ പകൽ സമയത്ത് ഗതാഗതം തടസ്സപ്പെട്ടുട്ടുണ്ട്.
എന്നാൽ ആദിവാസി മൂപ്പന്മാർ, സൈനിക നേതൃത്വം, പോലീസ്, ജില്ലാ ഭരണകൂടം എന്നിവരുടെ സഹായത്തോടെ ബൊഷെര, മാലിഖേൽ, ദന്ദർ പ്രദേശങ്ങളിൽ ഷിയാ, സുന്നി ഗോത്രങ്ങൾ തമ്മിൽ ഉടമ്പടി ഉണ്ടാക്കിയതായി പോലീസ് പറഞ്ഞു. എങ്കിലും ജില്ലയുടെ മറ്റു ചില ഭാഗങ്ങളിൽ ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണ്. ശേഷിക്കുന്ന പ്രദേശങ്ങളിലും വെടിനിർത്തൽ കരാറിൽ ഏർപ്പെടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

സംഘർഷത്തിന്റെ മൂലകാരണം വിവിധ ഷിയാ സുന്നി ഗോത്രങ്ങൾ തമ്മിലുള്ള ഭൂമി തർക്കമാണ്. സാഹചര്യത്തെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങളുടെ കവറേജ് പരിമിതമാണ് എന്നാലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സംഘർഷങ്ങളുടെയും ആളപായങ്ങളുടെയും റിപ്പോർട്ടുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പലരും അക്രമത്തെ ഒരു വംശീയസംഘട്ടനമായി മുദ്രകുത്തുകയും, ‘ഷിയാ സമുദായത്തിനെതിരായ വംശഹത്യ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
പ്രാദേശിക ആശുപത്രികളിലും മാർക്കറ്റുകളിലും മരുന്നുകൾ തീർന്നതായി എംഎൻഎ എഞ്ചിനീയർ ഹമീദ് ഹുസൈൻ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ നടപ്പാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രവിശ്യാ അസംബ്ലി അംഗം അലി ഹാദി ഇർഫാനി ആവശ്യപ്പെട്ടു. പരചിനാറിലെ അശാന്തിക്ക് ഉത്തരവാദികൾ സമാധാനത്തിന് പകരം യുദ്ധം തേടുകയാണെന്ന് മജ്‌ലിസ് വഹ്ദത്ത് മുസ്‌ലിമീൻ പാകിസ്താൻ ചെയർമാൻ സെനറ്റർ അല്ലാമ രാജ നാസിർ അബ്ബാസ് ജാഫരി ആരോപിച്ചു.

പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി ഖൈബർ പഖ്തൂൺഖ്വയിലെ കുറം ഏജൻസി ജില്ലയിൽ ഗോത്രവർഗ വിഭാഗങ്ങൾ തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സായുധ ഏറ്റുമുട്ടലുകളിൽ അഗാധമായ ദുഃഖവും ആശങ്കയും പ്രകടിപ്പിച്ചു.















