എറണാകുളം: വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിലെത്തിച്ചു. ബെംഗളൂരു കന്റോൺമെന്റ് -എറണാകുളം ജംഗ്ഷൻ സ്‌പെഷ്യൽ വന്ദേഭാരത് എക്‌സ്പ്രസിന്റെ ബുക്കിംഗ് തുടരുകയാണ്. എസി ചെയർകാറിന് 1,465 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിന് 2,945 രൂപയുമാണ് നിരക്ക്.
എല്ലാ കേരളീയരുടെയും പേരിൽ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ എക്സിൽ കുറിച്ചു. കേരളത്തിലെ മൂന്നാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ജൂലൈ 31 മുതൽ സർവീസ് ആരംഭിക്കും. ഇതിലൂടെ കേരളവും കർണാടകയും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുകയും യാത്രാ സമയം കുറയ്‌ക്കുകയും ചെയ്യുന്നു. ഇത് യാത്രക്കാർക്ക് സുഗമമായ യാത്രാസൗകര്യം ഉറപ്പാക്കുകയും ചെയ്യുമെന്ന് കെ സുരേന്ദ്രൻ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. യാത്രക്കാർക്ക് ഭക്ഷണം അടക്കം ഉൾപ്പെടുത്തിയാണ് നിരക്ക് ഈടാക്കുന്നത്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള ട്രെയിനിന്റെ ബുക്കിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല. ഉടൻ തന്നെ അതിന്റെ ബുക്കിംഗ് ആരംഭിക്കുമെന്നാണ് വിവരം.
ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്‌ക്ക് 12.50-ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10-ന് ബംഗളൂരുവിൽ എത്തിച്ചേരും. വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ അഞ്ചരയ്‌ക്ക് ബെംഗളൂരു സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 2.20-ന് എറണാകുളത്തെത്തും.
ജൂലൈ 31-മുതൽ ഓഗസ്റ്റ് 26 വരെയാണ് നിലവിൽ താത്കാലികമായി ട്രെയിൻ സർവ്വീസ് നടത്തുന്നത്.















