കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിവിധ കാരണങ്ങളാൽ വിദേശത്ത് മരിച്ചത് 633 ഇന്ത്യൻ വിദ്യാർത്ഥികൾ. പ്രകൃതി ക്ഷോഭം, അപകടങ്ങൾ, അനാരോഗ്യങ്ങൾ എന്നിവ കാരണമാണ് ഇത്രയും വിദ്യാർത്ഥികൾ മരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. 41 രാജ്യങ്ങളിലെ കണക്കുകളാണിത്.
ഏറ്റവും അധികം വിദ്യാർത്ഥികൾ മരിച്ചത് കാനഡയിലാണ്. 172 പേരുടെ ജീവനാണ് കാനഡയിൽ പൊലിഞ്ഞത്. 108 പേർ യുഎസിലും മരിച്ചു. 19 പേർ ആക്രമണങ്ങളിലും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ കാനഡയിൽ ഒൻപത് പേരാണ് കൊല്ലപ്പെട്ടത്. യുഎസിൽ ആറുപേരും.
2019 ന് ശേഷം ഉന്നത വിദ്യാഭ്യാസത്തിന് പോയ വിദ്യാർത്ഥികളാണ് മരിച്ചത്. ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി കൃതി വർദ്ധൻ സിംഗ് ആണ് മറുപടി നൽകിയത്. യുകെയിൽ 58 പേരും ഓസ്ട്രേലിയയിൽ 57 പേരും മരിച്ചപ്പോൾ റഷ്യയിൽ 37 പേർക്കും ജർമനിയിൽ 24 പേരുടെയും ജീവൻ പൊലിഞ്ഞു.യുകെ, ചൈന, ഓസ്ട്രേലിയ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ ഒരാൾ വീതം കൊല്ലപ്പെടുകയും ചെയ്തു.















