ദിവസവും പതിനായിരം രൂപ സമ്പാദിക്കുന്ന ജോലി ഏതൊരാളുടേയും സ്വപ്നമാണ്. കഠിനാധ്വാനം കൊണ്ട് ആ മോഹം സാക്ഷാത്കരിച്ചിരിക്കുകയാണ് നരസമ്മ. ദിവസവും പതിനായിരം രൂപയാണ് നരസമ്മയുടെ വരുമാനം. ദോശ ചുട്ട് നൽകിയാണ് ഈ തുകയുണ്ടാക്കുന്നതെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അൽപം പ്രയാസമായിരിക്കും. എന്നാൽ ഒരു ദശാബ്ദം നീണ്ട പ്രയത്നത്തിനൊടുവിൽ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് നരസമ്മ.

ഏറെ പേരുകേട്ടതാണ് നരസമ്മയുടെ ദോശ. അതുകൊണ്ട് തന്നെയാണ് ആന്ധ്രയയിലെ കുട്ടഗുള്ളയിലുള്ള നരസമ്മയുടെ കടയിലേക്ക് ജനങ്ങൾ ഇരച്ചെത്തുന്നതും. കദിരിയിൽ നിന്ന് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ നരസമ്മയുടെ കടയിലെത്താം. അനന്തപുരം കദിരിയിലെ പ്രധാന റോഡിന് സമീപം ചെറിയൊരു കുടിൽ. അതാണ് നരസമ്മയുടെ ബിസിനസ് സാമ്രാജ്യം. ദിവസവും 10,000 രൂപ വരെ ഉണ്ടാക്കുന്ന ദോശക്കട, മാസം മൂന്ന് ലക്ഷം രൂപ വരെ നേടുന്ന നരസമ്മയുടെ വരുമാനം ചില സോഫ്റ്റ് വെയർ എഞ്ചിനീയർമാരേക്കാൾ കൂടുതലാണെന്ന് സാരം.
ഏകദേശം പത്ത് വർഷം മുൻപ് തുടങ്ങിയ ദോശക്കടയാണിത്. ഇവിടെയുള്ള എല്ലാ ജോലികളും നരസമ്മയുടെ കുടുംബാംഗങ്ങൾ തന്നെയാണ് ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. മുട്ടദോശ, സ്പൈസി ദോശ, സാധാദോശ തുടങ്ങി വിവിധ തരം ദോശകൾ നരസമ്മയുടെ കടയിൽ നിന്ന് ലഭിക്കും, അതും കുറഞ്ഞ വിലയിൽ. മുട്ട ദോശയ്‌ക്ക് 25, സാധാ ദോശയ്‌ക്ക് 10, സ്പൈസി ദോശയ്‌ക്ക് 20 എന്നിങ്ങനെയാണ് നിരക്ക്. ദിവസവും രാവിലെ ഏഴ് മണി മുതൽ ഉച്ച വരെയാണ് ബിസിനസ്. പ്രാദേശിക തൊഴിലാളികൾ, വിദ്യാർത്ഥികൾ, സർക്കാർ ജീവനക്കാർ, വിനോദസഞ്ചാരികൾ തുടങ്ങി എല്ലാവരും നരസമ്മയുടെ ദോശ കഴിക്കാൻ സ്ഥിരമായി വരുന്നവരാണ്.















