ന്യൂഡൽഹി: ഐഎഎസ് കോച്ചിംഗ് സെന്റർ ദുരന്തം അന്വേഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഓൾഡ് രാജേന്ദ്രനഗറിലെ കോച്ചിംഗ് സെന്റിന്റെ ബേസ്മെന്റിലുള്ള ലൈബ്രററിയിൽ വെള്ളം കയറി മലയാളിയടക്കമുള്ള മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിലാണ് കേന്ദ്രസർക്കാർ നടപടി. കോച്ചിംഗ് സെന്റർ ദുരന്തം അന്വേഷിക്കാൻ ആഭ്യന്തരമന്ത്രാലയം സമിതിയെ നിയോഗിക്കണമെന്ന് എംപി ബാൻസുരി സ്വരാജ് ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു.
അപകടത്തിന്റെ കാരണമെന്താണ്, ഉത്തരവാദികൾ ആരെല്ലാമാണ്, നയങ്ങളിൽ അടിയന്തരമായി വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങൾ സമിതി അന്വേഷിച്ച് കണ്ടെത്തും. ഒരു മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം. ആഭ്യന്തര മന്ത്രാലയത്തിലെ പ്രിൻസിപ്പൽ സെക്രട്ടറി, ഡൽഹി സർക്കാർ സ്പെഷ്യൽ സിപി, ഡൽഹി പൊലീസ്, ഫയർ അഡ്വൈസർ, എന്നിവരടങ്ങുന്നതാണ് സമിതി.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അതിൽ രാഷ്‌ട്രീയം കലർത്തരുതെന്നും കേന്ദ്ര ഉന്നതവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാൻ അറിയിച്ചിരുന്നു. വീഴ്ച സംഭവിച്ചിട്ടുണ്ട്. അതിന്റെ ഉത്തരവാദികളെ കണ്ടെത്തുന്നതിലൂടെ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്നും മന്ത്രി അറിയിച്ചു. കേസിൽ രണ്ട് പേരെയാണ് ഇതുവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കോച്ചിംഗ് സെന്ററിന്റെ ഉടമയെയും കോ-ഓർഡിനേറ്ററെയും അറസ്റ്റ് ചെയ്യുകയും മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്ക് ഇരുവർക്കുമെതിരെ കേസെടുക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് ഡൽഹി ലെഫ്റ്റനൻ്റ് ഗവർണറുടെ ഓഫീസ് അറിയിച്ചിരുന്നു.















