ലണ്ടൻ: യുകെയിലെ സൗത്ത്പോർട്ടിൽ കത്തിയുപയോഗിച്ച് യുവാവ് നടത്തിയ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്ക്. വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലാണ് സംഭവം. ആൾക്കൂട്ടത്തിനിടയിലേക്ക് എത്തിയ അക്രമി കാണുന്നവരെയെല്ലാം കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
കുട്ടികൾ ഉൾപ്പടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി നോർത്ത് വെസ്റ്റ് ആംബുലൻസ് സർവീസ് (NWAS) അറിയിച്ചു. അക്രമിയെ പൊലീസ് കീഴ്പ്പെടുത്തിയെന്നാണ് വിവരം. ആക്രമണത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പാലിക്കാൻ പൊലീസ് നിർദേശം നൽകി. ഭയാനകമായ ഞെട്ടിക്കുന്നതുമായ സംഭവമാണിതെന്ന് യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ പ്രതികരിച്ചു. പരിക്കേറ്റവർക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.