അബുദബി: കേടായതും ദ്രവിച്ചതുമായ ടയറുകൾ വാഹനങ്ങളിൽ ഉപയോഗിച്ചാൽ പിടിവീഴും. ഇങ്ങനെ ഉപയോഗിക്കുന്നവർക്ക് 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു.
നിയമലംഘകരുടെ വാഹനം ഒരാഴ്ചത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. സുരക്ഷിത വേനൽ, അപകടരഹിത വേനൽ എന്നീ കാമ്പയിനുകളുടെ ഭാഗമായാണ് പൊലീസിന്റെ ഓർമ്മപ്പെടുത്തൽ. കേടുപാടുകൾ, വിള്ളൽ എന്നിവ സംഭവിച്ച ടയറുകൾക്ക് റോഡിലെ ചൂട് താങ്ങാൻ കഴിയാതെ വരുകയും അവ പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലുമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
കാലാവധി കഴിഞ്ഞ ടയർ ഉപയോഗിക്കുക, അമിത ചൂട്, അമിത ഭാരം, ഗുണമേന്മയില്ലാത്ത ടയറുകൾ തുടങ്ങിയവയാണ് പ്രധാനമായും അപകടങ്ങൾക്ക് കാരണമാകുന്നത്. ഡ്രൈവിങ്ങിനിടെ ടയർ പൊട്ടിത്തെറിച്ച് കഴിഞ്ഞ വർഷം രാജ്യത്ത് 22 അപകടങ്ങളുണ്ടായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.













