കൽപറ്റ: വയനാട് മുണ്ടക്കൈ ചൂരൽ മലയിൽ വൻ ഉരുൾപൊട്ടൽ. രണ്ട് തവണ ഉരുൾപൊട്ടി. സംഭവസ്ഥലത്ത് നിന്നൊരു മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ഒട്ടേറപ്പേർക്ക് പരിക്ക്. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. മിക്ക വീടുകളും വെള്ളത്തിനടിയിലാണ്. വൻ നാശനഷ്ടമെന്നാണ് സൂചന.
പുലർച്ചെ ഒരു മണിയോടെ മുണ്ടക്കൈ ടൗണിലാണ് ആദ്യം ഉരുൾപൊട്ടിയത്. ചൂരൽമല സ്കൂളിന് സമീപം നാല് മണിയോടെ വീണ്ടും ഉരുൾപൊട്ടി. ചൂരൽമല ടൗണിലെ പാലം തകർന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നാലെ എൻഡിആർഎഫ് സംഘമെത്തിയതോടെ രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതിനിടയിലും ചൂരൽമല ടൗണിൽ മണ്ണിടിഞ്ഞു. വലിയ ശബ്ദത്തോടെയാണ് ഉരുൾപൊട്ടിയതെന്ന് നാട്ടുകാർ പറഞ്ഞു. രക്ഷാപ്രവർത്തകർ ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രദേശത്തേക്കുള്ള പാലം ഒലിച്ചുപോയതിനാൽ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനാകുന്നില്ല. മണ്ണിടിഞ്ഞ് ചൂരൽമല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയി. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയതായും നിരവധി പേരെ കുറിച്ച് വിവരമില്ലെന്നും നാട്ടുകാർ പറയുന്നു. മണ്ണിടിച്ചിലിൽ നിന്ന് രക്ഷപ്പെട്ടവർ സഹായം അഭ്യർത്ഥിച്ച് വാട്സ് ആപ്പ് വഴി അയച്ച സന്ദേശത്തിലൂടെയാണ് ദുരന്തവനിവരം പുറംലോകമറിയുന്നത്. പുത്തുമല ഉരുൾപൊട്ടലുണ്ടായ സ്ഥലത്തിനടുത്താണ് മുണ്ടക്കൈ.















