ന്യൂയോർക്ക്: അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന ഭീകരർക്കെതിരെ മുന്നറിയിപ്പുമായി ക്വാഡ് വിദേശകാര്യമന്ത്രിമാർ. പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്‌കർ ഇ ത്വയ്ബ, ജയ്‌ഷെ ഇ മുഹമ്മദ്, അൽ ഖ്വായ്ദ, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ ഭീകര സംഘടനകൾക്കെതിരെ അന്താരാഷ്‌ട്ര തലത്തിൽ യോജിച്ച പ്രവർത്തനം ആവശ്യമാണെന്നും നേതാക്കൾ വ്യക്തമാക്കി. ടോക്കിയോയിൽ നടന്ന കൂടിക്കാഴ്ചയ്‌ക്ക് ശേഷം പുറത്ത് വിട്ട സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ഓസ്ട്രേലിയയുടെ വിദേശകാര്യ മന്ത്രി പെന്നി വോങ്, ജപ്പാൻ വിദേശകാര്യമന്ത്രി യോകോ കാമികാവ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
ഭീകരർ അവരുടെ ആവശ്യങ്ങൾക്കായി അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് വഴിയുണ്ടാകുന്ന ഭീഷണികൾ തടയണമെന്നും, ഇതിനായി അന്താരാഷ്‌ട്ര തലത്തിലും പ്രാദേശിക തലത്തിലും യോജിച്ച പ്രവർത്തനങ്ങൾ നടത്താൻ പ്രതിജ്ഞാബദ്ധരാണെന്നും നേതാക്കൾ പറഞ്ഞു. ” അൽ ഖ്വായ്ദ, ഐഎസ്‌ഐഎസ്, ജെയ്‌ഷെ ഇ മുഹമ്മദ്, എന്നിവയുൾപ്പെടെ യുഎൻ ലിസ്റ്റ് ചെയ്തിട്ടുള്ള എല്ലാ ഭീകരസംഘടനകൾക്കും എതിരെ കൂട്ടായ പ്രവർത്തനമാണ് വേണ്ടത്.
യുഎവികൾ, ഡ്രോണുകൾ, ആശയവിനിമയം കൈമാറുന്ന സാങ്കേതവിദ്യകൾ എന്നിവയെല്ലാം ഭീകരർ ദുരുപയോഗം ചെയ്യുന്നതിനെ ശക്തമായി അപലപിക്കുന്നു. 26/11 മുംബൈ, 2016ലെ പത്താന്‍കോട്ട് സംഭവം പോലെയുള്ള ഭീകരാക്രമണങ്ങള്‍ നടത്തുന്ന കുറ്റവാളികളെ കാലതാമസമില്ലാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിക്കണമെന്നും” നേതാക്കൾ ആവശ്യപ്പെട്ടു.
പ്രാദേശിക സമാധാനത്തിനും സുരക്ഷയ്‌ക്കും ചൈന ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ചും രാജ്യത്തിന്റെ പേര് പറയാതെ പരാമർശമുണ്ടായി. ഇന്തോ-പസഫിക് മേഖലയിൽ സ്വതന്ത്രവും സുരക്ഷിതവുമായ പ്രവർത്തനങ്ങൾക്ക് ക്വാഡ് സഖ്യം പ്രതിജ്ഞാബദ്ധമാണ്. ഓരോ പ്രദേശത്തിന്റേയും പരമാധികാരം നിർണായക ഘടകമാണ്. ഇതിനെതിരായ ഭീഷണികളെ കൂട്ടായ ശ്രമത്തിലൂടെ പ്രതിരോധിക്കണമെന്നും ഇവർ പറയുന്നു.















