പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മണ്ഡലത്തിലെ നേഴ്സിംഗ് കോളേജിന് അംഗീകാരമില്ലാത്ത സംഭവത്തിൽ വിമർശനവുമായി എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ്. സർക്കാർ ധിക്കാരപരമായ നിലപാടാണ് കൈകൊള്ളുന്നതെങ്കിൽ വിദ്യാർത്ഥികൾ എങ്ങനെ പ്രതിഷേധിക്കാതിരിക്കുമെന്നും ഈശ്വരപ്രസാദ് ചോദിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.
ആരോഗ്യമന്ത്രിയുടെ നാട്ടിലെ നേഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ സമരത്തിലാണ്. കോളേജിന് സ്വന്തമായി കെട്ടിടമില്ല. എന്നാൽ കോന്നി മെഡിക്കൽ കോളേജിന്റെ ഭാഗമാക്കാൻ സർക്കാർ തയ്യാറാകുന്നുമില്ല. അടിസ്ഥാന സൗകര്യം ഇല്ലാത്ത ഈ സ്ഥാപനത്തിന് സ്വാഭാവികമായും ഇന്ത്യൻ നേഴ്സിംഗ് കൗൺസിൽ അംഗീകാരം നൽകിയിട്ടുമില്ല. അത് സാരമില്ല, എന്നാണ് സർക്കാർ വിദ്യാർത്ഥികളോട് പറയുന്നത്.
ഇത്തരത്തിൽ ധിക്കാരപരമായ നിലപാടാണ് സർക്കാർ കൈകൊള്ളുന്നതെങ്കിൽ വിദ്യാർത്ഥികൾ എങ്ങനെ പ്രതിഷേധിക്കാതിരിക്കും. അവകാശ സമരങ്ങൾക്ക് തെരുവിൽ ഇറങ്ങിയ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യമെന്നും ഈശ്വരപ്രസാദ് ഫെയ്സ്ബുക്കിൽ കുറിച്ചു.
പത്തനംതിട്ടയിലെ ആറന്മുള സർക്കാർ നേഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾക്കാണ് ഈ ദുരവസ്ഥ. സംഭവത്തിൽ പ്രതിഷേധവുമായി വിവിധ വിദ്യാർത്ഥി സംഘടനകളും കോളേജിലെ വിദ്യാർത്ഥികളും രംഗത്തെത്തിയിരുന്നു. 60 വിദ്യാർത്ഥികളാണ് കോളേജിലുള്ളത്. നേഴ്സിംഗ് കൗൺസിലിന്റെ അംഗീകാരമില്ലാതെയാണ് ഈ കോളേജ് ഉൾപ്പെടെ കേരളത്തിലെ 24 കോളേജുകൾ പ്രവർത്തിക്കുന്നതെന്ന് വാർത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രതിഷേധം.















