വയനാട് ഉരുൾപെട്ടലിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി കാലാവസ്ഥ വെല്ലുവിളി സൃഷ്ടിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 24 മണിക്കൂർ കൂടി മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ദുരന്തമുഖത്ത് എത്തിപെടാൻ ബുദ്ധിമുട്ടാണ്. ഉണ്ടായിരുന്ന ഏക പാലം ഒലിച്ചുപോയി. രക്ഷാപ്രവർത്തകർക്ക് പോലും ഇത് വെല്ലുവിളി ഉയർത്തുന്നുണ്ട്.
സംസ്ഥാന സർക്കാരുമായി ചേർന്ന് കേന്ദ്രസംഘം പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശവാസികളുടെ ഇടപെടലും രക്ഷാപ്രവർത്തനത്തിൽ നിർണായാകമാണെന്നും അവരുടെ ഏകോപനവും രക്ഷാപ്രവർത്തകർക്ക് സഹായമേകുന്നുണ്ട്. രണ്ട് ഹെലികോപ്റ്ററുകൾ പുറപ്പെടാനൊരുങ്ങുന്നുണ്ടെന്നും എന്നാൽ ലാൻഡ് ചെയ്യാൻ കാലാവസ്ഥ പ്രതികൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ 6.45-ഓടെയാണ് സുരേഷ് ഗോപി പ്രധാനമന്ത്രിയെ വിളിച്ച് ദുരന്തത്തെ കുറിച്ച് സംസാരിച്ചത്. ഇതിനെ തുടർന്ന് മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി സംസാരിക്കുകയും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.















